ബെര്‍ലിന്‍: വിഷബാധയേറ്റ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കോമയില്‍ നിന്ന് അദ്ദേഹം ഉണര്‍ന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നുമാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം കനത്ത വിഷത്തിന്റെ ദീര്‍ഘകാല ഫലം ഇപ്പോഴും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം റഷ്യന്‍ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകനായ നവല്‍നിക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ജര്‍മനിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞിരുന്നു. വിഷബാധയേറ്റ വിവരം ജര്‍മനി ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും റഷ്യ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.
Discussion about this post