തിരുവനന്തപുരം: ഓരോ മാസത്തെയും പെന്‍ഷന്‍ അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഓരോ മാസവും 20-ാം തിയതിക്ക് ശേഷം വിതരണം ചെയ്യുമെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
നിലവില്‍ ഓഗസ്റ്റ് വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്തു കഴിഞ്ഞു. ഈ മാസം മുതല്‍ 100 രൂപ വര്‍ധനയോടെ 1400 രൂപയാണു നല്‍കുക. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം, 1400 രൂപയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് അതേ നിരക്കു തന്നെ തുടരും. ഓരോ മാസവും 20-ാം തിയതിക്ക് ശേഷം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വിതരണം ചെയ്യും.
Discussion about this post