ന്യൂഡൽഹി: സാക്ഷരതാ നിരക്കിൽ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 96.2%വുമായി കേരളം തൊട്ടുപിന്നിലുള്ള ഡൽഹിയേക്കാൾ അതിദൂരം മുന്നിലാണ്. 89% സാക്ഷരതാ നിരക്കാണ് ഡൽഹിക്കുള്ളത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കേരളവും ഡൽഹിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള സംസ്ഥാനങ്ങളാണ് ആസാമും(85.9%) ഉത്തരാഖണ്ഡും(87.6%). മുൻകാലങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് സാക്ഷരതാ നിരക്കിൽ ഇന്ത്യയിൽ മുൻപന്തിയിലുണ്ടായിരുന്നത്. ഈ ധാരണ തിരുത്തിയാണ് പുതിയ കണക്ക് പുറത്തുവന്നിരിക്കുന്നത്.
പുതിയ കണക്കുകൾ പ്രകാരം ബിഹാറിനെയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി. ആന്ധ്രപ്രദേശ് 66.4%, ബിഹാർ 70.9, തെലങ്കാന 72.8%, കർണാടക77.2 % എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സാക്ഷരതാ കണക്കുകൾ. ഇന്ത്യയുടെ ദേശീയ ശരാശരി 77.7 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ പിറകിലുള്ള സാക്ഷരതാ നിരക്കാണ് ഈ സംസ്ഥാനങ്ങൾക്കുള്ളത്.
ഇതോടൊപ്പം, സാക്ഷരതയിലെ സ്ത്രീ-പുരുഷവ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിന് സ്വന്തം. 2.2 % മാത്രമാണ് കേരളത്തിലെ സ്ത്രീ-പുരുഷ സാക്ഷരതാ വിടവ്. ദേശീയ തലത്തിൽ 14.4 % വിടവാണുള്ളത്. അതായത്. ദേശീയതലത്തിൽ പുരുഷ സാക്ഷരത 84.7% ആകുമ്പോൾ സ്ത്രീ സാക്ഷരത 70.3 ശതമാനം മാത്രമാണ്.
നഗരഗ്രാമീണ സാക്ഷരത വ്യത്യാസം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ നഗരഗ്രാമീണ സാക്ഷരതാ വിടവ് വെറും 1.9 ശതമാനം മാത്രമാണ്. തെലങ്കാനയിലേത് 23.4 ശതമാനവും ആന്ധ്രപ്രദേശിൽ അത് 19.2 ശതമാനവുമാണ്. ദേശീയ തലത്തിൽ നഗരഗ്രാമീണ സാക്ഷരതാ നിരക്കിലെ സ്ത്രീ-പുരുഷ വിടവ് വളരെ കൂടുതലാണ്. 27.2 ശതമനമാണിത്. രാജസ്ഥാനിലെ നഗര പ്രദേശങ്ങളിൽ പുരുഷ സാക്ഷരത നിരക്കും ഗ്രാമപ്രദേശങ്ങളിൽ സ്ത്രീ സാക്ഷരതാ നിരക്കും തമ്മിലുള്ള വിടവ് 38.5 ശതമാനമാണ്. തെലങ്കാനയിലത് 38 %. എന്നാൽ കേരളത്തിൽ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80% ത്തിനുമുകളിലാണ്.
Discussion about this post