തിരുവനന്തപുരം: ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.യില്‍ ഒരു കോടി രൂപ ചെലവില്‍ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ നിര്‍വഹിച്ചു. ജനതിക രോഗങ്ങളായ ഹീമോഫീലിയ, മറ്റ് ഹീമോ ഗ്ലോബിനോപ്പതി രോഗികളുടെ മികച്ച ചികിത്സയ്ക്കായാണ് ആശാധാര ഹീമോ ഗ്ലാബിനോപ്പതി ചികിത്സാ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
അവരവരുടെ ലക്ഷണങ്ങള്‍ക്ക് മരുന്നുനല്‍കി അവരെ സാധാരണ ജീവിതം നയിക്കുവാന്‍ സഹായിക്കുക എന്നുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതുമാണ്. എങ്കിലും നിലവില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യമായാണ് സര്‍ക്കാര്‍ ചികിത്സ നല്‍കുന്നത്. തലസീമിയ, അരിവാള്‍ രോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ഒരു കുടക്കീഴില് ആക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ബ്ലഡ്സെല്‍ ആരംഭിച്ചിരിക്കുന്നത്. ആശാധാര പദ്ധതിയിലൂടെ ഈ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കല്‍കോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയവും ചികിത്സയും ലഭ്യമാണ്. ഇതിനായി ലോക ഹീമോഫീലിയ ഫെഡറേഷന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്സുമാരുടെയും സേവനം ലഭ്യമാണ്. കൂടാതെ ഫിസോയോ തെറാപ്പിസ്റ്റ്, കൗണ്‍സിലര്‍ എന്നിവരുടെ സേവനവും രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കും. രോഗനിര്‍ണയത്തിനായി കോഗുലേഷന്‍ ലാബിന്റെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
4 ഹീമോ ഗ്ലോബിനോപ്പതി ചിക്തസാ കേന്ദ്രങ്ങള്‍ കൂടാതെ ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങള്‍ ഇല്ലാത്ത കേന്ദ്രങ്ങളില്‍ ഡിസ്ട്രിക്ട് ഡേ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10 ജില്ലകളിലെ ജില്ലാ ആശുപത്രികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും 5 കിടക്കകള്‍ രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. നോഡല്‍ ഓഫീസറായി ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് സ്റ്റാഫ് നേഴ്സും അടങ്ങുന്ന ടീം ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ഇവിടെ രോഗികള്‍ക്ക് മരുന്നും അടിയന്തിര മെഡിക്കല്‍ സാഹയവും ഉറപ്പാക്കുന്നുണ്ട്.
10 ജില്ലാ ആശുപത്രികളിലാണ് ഡിസ്ട്രിക്ട് ഡേ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
1. ജില്ലാ ആശുപത്രി, കൊല്ലം 2. ജില്ലാ ആശുപത്രി, കോഴഞ്ചേരി 3. ജില്ലാ ആശുപത്രി, മാവേലിക്കര 4. ജില്ലാ ആശുപത്രി, കോട്ടയം 5. ജില്ലാ ആശുപത്രി, ഇടുക്കി 6. ജില്ലാ ആശുപത്രി, പാലക്കാട് 7. ജില്ലാ ആശുപത്രി, തൃശൂര്‍ 8. ജില്ലാ ആശുപത്രി, തിരൂര്‍ 9. ജില്ലാ ആശുപത്രി, കണ്ണൂര്‍ 10. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
ഹീമോ ഗ്ലോബിനോപ്പതി രജിസ്ട്രിയ്ക്കായി സി-ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു വെബ്പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ ഉള്ള 1682 രോഗികളുടെയും വിവരങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. ഇനി തുടര്‍ന്നും രോഗം തിരിച്ചറിയപ്പെടുന്ന ആള്‍ക്കാരും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും സുതാര്യമായ രീതിയില്‍ ചികിത്സ ഒരുക്കുവാന്‍ ഇതില്‍ക്കൂടി സാധിക്കുന്നതുമാണ്. ആരോഗ്യ വകുപ്പുമന്ത്രി നേതൃത്വം നല്കുന്ന സ്റ്റീയറിംഗ് കമ്മിറ്റി ഇത് നീയന്ത്രിക്കുന്നത്. ടെക്നിക്കല്‍ കമ്മിറ്റിയാണ് ചികിത്സാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഹീമോ ഗ്ലോബിനോപ്പതി രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഫാക്ടേഴ്സ് എന്നിവയുടെ വിതരണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്ഗഗഡെ മുഖ്യ പ്രഭാഷണം നടത്തി. എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കെ.എം.എല്‍.സി.എല്‍. എം.ഡി. എ.ആര്. അജയകുമാര്‍, എയിഡ്സ് കണ്ട്രോള് സൊസൈറി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്. രമേഷ്, ബ്ലെഡ് സെല്‍ നാഷണല്‍ കണ്‍സള്‍ട്ടന്റ് വിനിത ശ്രീവാസ്തവ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post