ഹൈദരാബാദ്; കാമുകന് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതില്‍ പ്രകോപിതയായ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. യുവതിക്കെതിരെ പോലീസ് കേസെടുത്തു.
23 കാരനായ നാഗേന്ദ്രയുടെ മുഖത്ത് കാമുകിയായിരുന്ന സുപ്രിയയാണ് ആസിഡൊഴിച്ചത്. മൂന്ന് വര്‍ഷമായി നാഗേന്ദ്രയും സുപ്രിയയും പ്രണയത്തിലായിരുന്നു. എന്നാല്‍ ജാതിയുടെ പേരില്‍ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
അതിന് പിന്നാലെ ഒരു മാസം മുന്‍പ് നാഗേന്ദ്ര മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇത് അറിഞ്ഞതോടെ കാമുകനോട് പ്രതികാരം ചെയ്യാന്‍ സുപ്രിയ തീരുമാനിച്ചു. പലതവണ ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും ഫലം കണ്ടില്ല.
ഇതോടെയാണ് യുവതി ആസിഡൊഴിക്കാന്‍ തീരുമാനിച്ചത്.
യുവതിയുടെ വീടിനു സമീപത്തുകൂടി പോയപ്പോഴാണ് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. അന്ന് ഇടതു തോളില്‍ ചെറിയ പരുക്കുകള്‍ മാത്രമേ ഏറ്റിരുന്നുള്ളൂ. രണ്ടാമത്തെ ആക്രമണത്തില്‍ യുവാവിന് കാര്യമായി പരുക്കേറ്റു. അതോടെ പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
Discussion about this post