തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തില്‍ വഴിത്തിരിവ്. ആക്രമണത്തിന് പിന്നില്‍ ലീനയുടെ മകന് നിഖില്‍ കൃഷ്ണയെന്ന് പോലീസ്. നിഖില്‍ കൃഷ്ണനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് ലീന പറഞ്ഞിരുന്നത്. ബൈക്കിലെത്തിയ സംഘം ആക്രമിച്ചെന്നായിരുന്നു പരാതി. സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നായിരുന്നു ആരോപണം.
സംഭവത്തില്‍ ഇവര്‍ പോലീസിനു പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവര്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ ലീനയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തില്‍ നിഖില്‍ കൃഷ്ണയെ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവരം വ്യക്തമായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തിരുവനന്തപുരം മുട്ടത്തറയിലെ ലീനയുടെ വീട് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നും അക്രമികള്‍ രക്ഷപ്പെട്ടു എന്നായിരുന്നു വിശദീകരണം.
ഉറങ്ങുകയായിരുന്ന തനിക്കും മകനും സംഭവത്തില്‍ സാരമായ പരുക്ക് പറ്റിയിരുന്നുവെന്നും ലീന പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നായിരുന്നു ലീനയുടെ ആരോപണം. സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ജി.ലീന ആരോപിച്ചിരുന്നു. ജി.ലീനയുടെ വീട് ആക്രമിക്കപ്പെട്ടതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Discussion about this post