ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരിൽ 0.5 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിൽ കഴിയുന്നതെന്ന റിപ്പോർട്ടുമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നുവെന്നും മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. 30,37,151 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തിൽനിന്ന് മുക്തി നേടിയിട്ടുള്ളത്.
കൊവിഡ് ആക്ടീവ് കേസുകളുടെ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററിൽ കഴിയുന്നത്. രണ്ട് ശതമാനം പേർ തീവ്രപരിചരണ വിഭാഗത്തി (ഐസിയു) ൽ ചികിത്സയിലുണ്ട്. 3.5 ശതമാനം രോഗികൾ ഓക്സിജൻ നൽകാൻ സംവിധാനുമുള്ള കിടക്കകളിൽ ചികിത്സയിൽ കഴിയുന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ മരണ നിരക്ക് ആഗോള ശരാശരിയെക്കാൾ കുറവാണ്. ഇത് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. 1.74 ശതമാനമാണ് നിലവിലെ മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,659 പേർ രാജ്യത്ത് രോഗമുക്തരായി. തുടർച്ചയായ എട്ടു ദിവസങ്ങളിൽ 60,000 ത്തിലധികം പേരാണ് രോഗമുക്തി നേടുന്നത്. 77.15 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,341 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 1096 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 68,472 ആയി.
Discussion about this post