കാസർകോട്: പ്രിയപ്പെട്ട സഖാവിന്റെ സ്മരണയ്ക്കായി തന്റെ കുഞ്ഞിന് ‘ഹഖ് മുഹമ്മദ്’ എന്ന് പേരിട്ട് സഖാവ് ലത്തീഫ്. വെഞ്ഞാറമൂട്ടിൽ കോൺഗ്രസിന്റെ കൊലക്കത്തിക്ക് ഇരയായ ഹഖ് മുഹമ്മദിന്റെ പേര് തന്റെ കുഞ്ഞിനു നൽകുകയായിരുന്നു കാസർകോട്ടെ സഖാവായ ലത്തീഫ്. കാസർകോട് ജില്ലയിലെ ബോവിക്കാനം ബാലനടുക്കം വീട്ടിലെ ലത്തീഫിനും സഹധർമിണിക്കും പിറന്ന ആൺ കുഞ്ഞിന് ഹഖ് മുഹമ്മദ് എന്ന പേരുനൽകികൊണ്ട് പാർട്ടി രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഓർമ്മയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ പ്രിയപ്പെട്ട സഖാവും പാർട്ടി പ്രവർത്തകനുമായ ഹഖ് മുഹമ്മദിനുള്ള ആദര സൂചകമെന്നോണമാണ് ലത്തീഫ് തന്റെ കുരുന്നിനു ഹഖ് മുഹമ്മദ് എന്ന് നാമകരണം ചെയ്തത്.
തിരുവോണത്തിന്റെ തലേന്ന് ഞായറാഴ്ച്ച അർധരാത്രിയാണ് വെഞ്ഞാറമൂട് തേമ്പാമൂടിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഡിവൈഎഫ്ഐ കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹക്ക് മുഹമ്മദ് (24) , ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥിലാജ് (30 ) എന്നിവരെ തേമ്പാമൂട് വെച്ചായിരുന്നു അക്രമിസംഘം കൊലപ്പെടുത്തിയത്. കൊലയ്ക്കുപിന്നിൽ കോൺഗ്രസുകാരാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് കൊലപാതകത്തിന് പിന്നിലെന്ന് റൂറൽ എസ്പിയും വ്യക്തമാക്കിയിരുന്നു.
ഇരുവരെയും വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെളിവുകൾ കൂടുതൽ ശക്തമായി. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ മിഥിലാജ് സംഭവസ്ഥലത്തുവച്ചും ഹക്ക് മുഹമ്മദ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
Discussion about this post