ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ബംഗളൂരു ക്യാംപസില്‍ പരീക്ഷണത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗവേഷകന് മരിച്ചു. മൈസൂരു കൊല്ലേഗല സ്വദേശി മനോജ് കുമാര്‍ (32) ആണ് മരിച്ചത്.
ഐഐഎസ്സിയിലെ ഹൈപ്പര്‍സോണിക് ആന്റ് ഷോക് വേവ് റിസര്‍ച്ച് സെന്ററിലാണ് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഗവേഷകവിദ്യാര്‍ഥികളായ കാര്‍ത്തിക്, നരേഷ്കുമാര്‍, അതുല്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടായ ഉടന്‍ മനോജ് ഇരുപത് മീറ്റര്‍ ദൂരത്തേയ്ക്ക് തെറിച്ചു വീണതായി ദൃക്സാക്ഷികള്‍ പറയുന്നു.
മനോജ് കുമാറിനൊപ്പം ഐഐഎസ്സിയില് ഇന്റേണ്‍ഷിപ്പിനെത്തിയ വിദ്യാര്‍ഥികളാണ് പരിക്കേറ്റവര്‍. ബംഗളുരുവിലെ സൂപ്പര്‍ വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് ഐഐഎസ്സിയില് ഇന്റേണ്‍ഷിപ്പിനെത്തിയത്.
പരിക്കേറ്റവരെ ബംഗളുരു എംഎസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഐഐഎസ്സി അറിയിച്ചു.
Discussion about this post