ന്യൂഡൽഹി: ടെലികോം കമ്പനികൾ സർക്കാരിലേക്ക് അടക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) കുടിശിക തുകയായ 1.6 ലക്ഷം കോടി രൂപ അടയ്ക്കാൻ 10 വർഷത്തെ സാവകാശം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് എസ് അബ്ദുൾ നാസർ, ജസ്റ്റിസ് എംആർ ഷാ എന്നിവരടങ്ങിയ മുന്നംഗ ബെഞ്ചിന്റേതാണ് വിധി.
2021 ഏപ്രിൽ ഒന്നിനും 2031 മാർച്ച് 31നും ഇടയിൽ കുടിശിക തുക തവണകളായി അടച്ചു തീർക്കണം. ഏല്ലാ കമ്പനികളും ഫെബ്രുവരി ഏഴിനകം അതാതു വർഷത്തെ കുടിശികകൾ അടയ്ക്കണം. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ പിഴയും പലിശയും അടക്കുകയും കോടതിയലക്ഷ്യത്തിന് കേസ് നേരിടുകയും വേണം.
പണമടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരോ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോ നാലഴ്ച്ചക്കം വ്യക്തിഗത ഗ്യാരണ്ടി നൽകണമെന്നും കോടതി അറിയിച്ചു. കുടിശിക അടച്ചുതീർക്കാൻ 15 വർഷം സമയം അനുവദിക്കണമെന്നാണ് വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ ആവശ്യപ്പെട്ടത്. ടെലികോം കമ്പനികൾക്ക് 20 വർഷം വരെ സമയം അനുവദിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post