ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെതിരെ സമരം നയിക്കാന്‍ ഗാന്ധിയന്‍ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. എന്നാല്‍, ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുകൊണ്ടുള്ള കത്താണ് മറുപടിയായി അണ്ണ ഹസാരയില്‍ നിന്നും ലഭിച്ചത്.
ലോക്പാല്‍ വിഷയത്തില്‍ 2011 ല്‍ നടത്തിയതിന് സമാനമായ സമരം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ നടത്തണമെന്നാണ് ആദേശ് ഗുപ്ത അണ്ണ ഹസാരെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള നിങ്ങളുടെ (ബിജെപി) സര്‍ക്കാരിന് എന്തുകൊണ്ടാണ് അതിനെതിരെ നടപടി എടുക്കാന്‍ കഴിയാത്തതെന്ന് അണ്ണ ഹസാരെ ചോദിച്ചു. 2014 ല്‍ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നത്.
എന്നാല്‍ ജനങ്ങളുടെ ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജനങ്ങളുടെ ജീവിതത്തിന് മാറ്റംവരുത്താനോ അവരുടെ ഭാവി ശോഭനമാക്കാനോ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നിരിക്കെ താന്‍ ഡല്‍ഹിയിലേക്ക് വന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ കരുത്തായ യുവാക്കളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നിങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി 83 വയസുള്ള പണമോ അധികാരമോ ഇല്ലാത്ത തന്നെ സമരം നയിക്കാന്‍ ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ, ഇഡി, ഡല്‍ഹി പോലീസ് എന്നിവയെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലാണ്. അഴിമതി വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ അഴിമതി കാട്ടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്തത്. പൊള്ളയായ അവകാശവാദങ്ങളാണോ നിങ്ങളുടെതെന്നും അദ്ദേഹം ഡല്‍ഹി ബിജെപി അധ്യക്ഷനോട് ചോദിച്ചു.
അഴിമതി വിരുദ്ധ ഇന്ത്യ സംബന്ധിച്ച പ്രതീക്ഷകള്‍ നല്കി നിങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നു. എന്നാല്‍ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. അധികാരത്തിനുവേണ്ടി പണം, പണമുണ്ടാക്കുന്നതിനുവേണ്ടി അധികാരം എന്ന നിലയിലാണ് എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തനം. സംവിധാനങ്ങളില്‍ മാറ്റമുണ്ടാകാതെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അണ്ണ ഹസാരെ വ്യക്തമാക്കി.
Discussion about this post