തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ദിവസവും 100 മുകളിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഉറവിടമറിയാത്തതും സമ്പർക്ക വ്യാപനവും കൂടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സെന്റിനെൽ സർവയലൻസ് പരിശോധനകളിൽ ഇനിമുതൽ ഓഫീസുകൾ, വ്യപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവിടങ്ങളിലുള്ളവരെയും പരിശോധിക്കും. ഇത്തരം കേന്ദ്രങ്ങളെ ഉൾപ്പെടുത്തി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും എല്ലാ ആഴ്ചയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് നിർദേശം.
പഞ്ചായത്തുകളിൽ അഞ്ച്, മുനിസിപ്പാലിറ്റികളിൽ 20, കോർപ്പറേഷൻ പരിധിയിൽ 30 ഉം ആളുകളെ വരെ ഈ വിഭാഗങ്ങളിൽ നിന്ന് സെന്റിനൽ സർവയലൻസിന്റെ ഭാഗമായി എല്ലാ ആഴ്ചകളിലും പരിശോധന നടത്തണം. ആരോഗ്യപ്രവർത്തകർ, അസംഘടിത തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, പ്രായമായവർ തുടങ്ങിയവരെയാണ് മുമ്പ് സെന്റിനൽ സർവയലൻസിന്റെ ഭാഗമായി പരിശോധിച്ചിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ വിഭാഗങ്ങളെക്കൂടി ഇതിലേക്ക് ചേർക്കുന്നത്.
ആന്റിജൻ പരിശോധനയാണ് നടത്തുക. പരിശോധന വ്യാപിപ്പിക്കുന്നതോടെ ക്ലസ്റ്ററുകൾ നേരത്തെ കണ്ടെത്താനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
Discussion about this post