കോയമ്പത്തൂർ: സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചതിനെ തുടർന്ന് കോയമ്പത്തൂരിൽ ദമ്പതികൾ പിടിയിലായി. 1.15 കോടി രൂപയുടെ സ്വർണ്ണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വ്യക്തമാക്കി. കൊവിഡ് കാലത്തെ പ്രത്യേക സർവീസായ വന്ദേ ഭാരത് ഫ്‌ളൈറ്റിൽ ദുബായിയിൽ നിന്ന് എത്തിയതായിരുന്നു ദമ്പതികൾ.
വിമാനത്താവളത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് ഇരുവരേയും പരിശോധിക്കാൻ തീരുമാനിച്ചത്. വിശദമായ പരിശോധനയിൽ അടിവസ്ത്രങ്ങളോട് തുന്നിച്ചേർത്ത നിലയിൽ ഏതാനും പാക്കറ്റുകൾ കണ്ടെടുത്തു.
ഇവയിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി, നിറച്ച് സീൽ ചെയ്തിരിക്കുകയായിരുന്നു. ആകെ 2.61 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. നിലവിൽ പ്രതികൾ ക്വാറന്റൈനിലാണെന്നും ഇതിന്റെ സമയം അവസാനിച്ചാൽ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിആർഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Discussion about this post