കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ സംഭവിച്ച വിമാനദുരന്തത്തെക്കുറിച്ച് മുരളി തുമ്മാരുക്കുടി. ഏതൊരു അപകടസ്ഥലത്തും രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് വളരെ പ്രൊഫഷണലായി ചെയ്യേണ്ട ഒന്നാണ്. അറിവില്ലാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അവര്‍ക്കും രക്ഷിക്കപ്പെടുന്നവര്‍ക്കും കൂടുതല്‍ അപകടമുണ്ടാക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറയുന്നു.
ഒരു വിമാനാപകടമുണ്ടാകുമ്പോള്‍ ഏറ്റവും വലിയ റിസ്ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്. അത്തരത്തില്‍ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കില്‍ വിമാനത്തിലുള്ളവരും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ. ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനെയെന്ന് മുരളി തുമ്മാരുക്കുടി പറയുന്നു. കോഴിക്കോട് നിന്നും നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം
കോഴിക്കോട് നിന്നുള്ള പാഠങ്ങള്‍
രണ്ടായിരത്തി ഒമ്പതില്‍ ആണ് ആദ്യമായി ഏഷ്യാനെറ്റ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്. ജിമ്മി ആയിരുന്നു ഇന്റര്‍വ്യൂ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ട് ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ഞാന്‍ ദുരന്ത ലഘൂകരണ രംഗത്തേക്ക് ആദ്യമായി വന്ന വര്‍ഷം കൂടിയായിരുന്നു.
ദുരന്ത ലഘൂകരണം എന്ന വാക്ക് അന്ന് കേരളത്തില്‍ അത്ര പ്രചാരത്തിലില്ല, ദുരന്തം തന്നെ മറ്റുളളവര്‍ക്ക് സംഭവിക്കുന്ന എന്തോ ഒന്നാണെന്നുള്ള ഉറപ്പില്‍ നമ്മള് ജീവിക്കുന്ന കാലമാണ്.
ലോകത്തെവിടെയും സംഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നും നമ്മള് പാഠങ്ങള്‍ പഠിക്കുമ്പോഴാണ് സുസ്ഥിരമായ ദുരന്ത ലഘൂകരണം സാധ്യമാകുന്നത് എന്ന് ഉദാഹരിച്ചുകൊണ്ട് ഞാന്‍ ഒരു കാര്യം പറഞ്ഞു.
‘കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഹഡ്സണ്‍ നദിയില്‍ ഒരു വിമാനം ലാന്‍ഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. മിനുറ്റുകള്‍ക്കകം ചുറ്റുമുണ്ടായിരുന്ന ബോട്ടുകള്‍ അവിടെ എത്തി ആളുകളെ രക്ഷിച്ചു തുടങ്ങി, വിമാനത്തില്‍ ഉണ്ടായിരുന്ന നൂറ്റി അന്‍പത്തി അഞ്ചുപേരും ജീവനോടെ രക്ഷ പെട്ടു’
ഈ സംഭവം വിവരിച്ച ശേഷം ഞാന്‍ പറഞ്ഞു
‘കൊച്ചി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്ന ഒരു വിമാനത്തിന് ഇത്തരത്തില്‍ ഒരു അപകടം ഉണ്ടായി എന്ന് കരുതുക. വിമാനം പെരിയാറില്‍ ലാന്‍ഡ് ചെയ്താല്‍ ആരാണ് യാത്രക്കാരെ രക്ഷപ്പെടുത്തുന്നത് ?. എന്തെങ്കിലും സംവിധാനം നമുക്കുണ്ടോ ?, മിക്കവാറും കാലടി പുഴയില്‍ മണല്‍ വരുന്ന തൊഴിലാളികള്‍ ആയിരിക്കും. അവര്‍ക്ക് എന്ത് പരിശീലനമാണ് ഉള്ളത് ?’
ഭാഗ്യവശാല്‍ ഇതുവരെ പെരിയാറില്‍ വിമാനം ലാന്‍ഡ് ചെയ്തിട്ടില്ല, പക്ഷെ അതിനുള്ള സാധ്യത എന്നുമുണ്ട്, ഇന്നും.
അങ്ങനെ സംഭവിച്ചാല്‍ എന്ത് രക്ഷാ സംവിധാനം ആണ് നമുക്ക് ഇപ്പോള്‍ ഉള്ളത് ?
മിക്ക വിമാനാപകടങ്ങളുമുണ്ടാകുന്നത് വിമാനം ടേക്ക് ഓഫ് ചെയ്യുന്പോഴും ലാന്‍ഡ് ചെയ്യുന്പോഴുമാണ്. അഞ്ച് വിമാനത്താവളങ്ങളുള്ള കേരളത്തില്‍ അതുകൊണ്ടുതന്നെ ഒരു വിമാനാപകടം ഉണ്ടായേക്കാമെന്ന് മുന്‍കൂട്ടി കാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
വിമാനാപകടമുണ്ടായാല്‍ എന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി നമുക്കൊരു ചിന്തയുണ്ട്. ഫയര്‍ എന്‍ജിനും യൂണിഫോമിട്ട രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സും വരുന്നു, വിമാനത്തിന് മുകളില്‍ മൊത്തം തീ പിടിക്കാതെ ഫോം അടിക്കുന്നു. പരിക്കേറ്റവരെ അതിവേഗത്തില്‍ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുന്നു, അപകടമുണ്ടായ സ്ഥലം വേലികെട്ടി സുരക്ഷിതമാക്കി അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തയ്യാറാക്കുന്നു, അതാണ് ജനറല്‍ തിയറി.
പ്രായോഗികമായി നമ്മള് കോഴിക്കാട്ട് കണ്ടത് പക്ഷെ മറ്റൊന്നാണ്. പറഞ്ഞപോലെ ജ്യോതി ഒന്നും വന്നില്ല. നാട്ടുകാര്‍ ഓടിയെത്തി. ഒരു ബസപകടം നടന്നത് പോലെതന്നെ അവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സ്വന്തം വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് രാവിലെ പോലും അപകട സ്ഥലത്ത് ആളുകള്‍ പോയി നിന്ന് ഫോട്ടോ എടുക്കുന്നു.
ഓരോ വിമാനാപകടത്തിന് ശേഷവും വിശദമായ അപകട ഇന്‍വെസ്റ്റിഗേഷനുകള്‍ നടത്തണം എന്നത് ആഗോളമായ നിബന്ധന ആണ്. അങ്ങനെയാണ് അപകടത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടുപിടിക്കുന്നത്, അവ വിമാനക്കമ്പനികളും പൈലറ്റുമാരും, ടെക്നീഷ്യന്മാരും, വിമാനത്താവളത്തിലെ ആളുകളും ഒക്കെ ചര്‍ച്ച ചെയ്യും. ഇതൊക്കെ കോഴിക്കോടും ഇപ്പോള്‍ നടക്കുന്നുണ്ടാകും, അതുകൊണ്ട് ഞാന്‍ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. റിപ്പോര്‍ട്ട് വരുമല്ലോ.
എന്നാല്‍ അപകട സ്ഥലത്തുണ്ടായ രക്ഷാ പ്രവര്‍ത്തനത്തെ കുറിച്ച് ചില കാര്യങ്ങള്‍ പറയാം.
ഏതൊരു അപകടസ്ഥലത്തും രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് വളരെ പ്രൊഫഷണലായി ചെയ്യേണ്ട ഒന്നാണ്. അറിവില്ലാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അവര്‍ക്കും രക്ഷിക്കപ്പെടുന്നവര്‍ക്കും കൂടുതല്‍ അപകടമുണ്ടാക്കുന്ന ഒന്നാണ്. മുന്‍പും പലവട്ടം പറഞ്ഞിട്ടുള്ളതാണ്.
”വിമാനത്തിനുള്ളില്‍ ആദ്യം കണ്ടത് ”രക്ഷിക്കണേ” എന്ന് നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആര്‍ത്തനാദത്തോടെ നിലവിളിച്ച സീറ്റിനടിയില്‍ കുടുങ്ങിയ അയാളെ രക്ഷിക്കണമെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. കൈയില്‍ പിടിച്ച് മുകളിലേക്ക് വലിച്ചതോടെ കൈകള്‍ അടര്‍ന്ന് എന്റെ കയ്യിലായി.”
ഒരു രക്ഷാപ്രവര്‍ത്തകന്റെ വാക്കുകള്‍ മനോരമയില്‍ വന്നതാണ്. ഞാന്‍ ഒന്ന് നടുങ്ങി. അതെന്റെ കയ്യായിരുന്നെങ്കിലോ ?
1996 ല്‍ ഡല്‍ഹിയിലെ ആകാശത്ത് രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചു. വിമാനങ്ങള്‍ തകര്‍ന്നുവീണത് ഛര്‍ക്കി ദാദ്രി എന്ന ഹരിയാന ഗ്രാമത്തിലാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ ഒരുപാട് സമയമെടുത്തു. അപ്പോഴേക്കും നാട്ടുകാര്‍ ജീവനുള്ളവരെയെല്ലാം അവിടെ ലഭ്യമായ ട്രാക്ടറിലും മറ്റു വണ്ടികളിലുമായി ടാറിടാത്ത റോഡിലൂടെ ഓടിച്ച് ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ ജീവന് നഷ്ടപ്പെടാതെ ഭൂമിയില്‍ വീണിട്ടും അവരില്‍ ആരും രക്ഷപ്പെട്ടില്ല. അക്കാലത്തെ വാര്‍ത്തയായിരുന്നു.
എന്ത് പാഠമാണ് നാം ഹരിയാനയില്‍ നിന്ന് പഠിച്ചത്?
ഒന്നും പഠിച്ചില്ല.
ഇനി എന്ത് പാഠമാണ് നാം കോഴിക്കോട്ട് നിന്നും പഠിക്കേണ്ടത്?
കേരളത്തിലെ ആകാശത്ത് ഇനിയും വിമാനാപകടങ്ങള്‍ ഉണ്ടാകും.
ടേക്ക് ഓഫ് സമയത്തും ലാന്‍ഡിംഗ് സമയത്തും ആണ് ഏറ്റവും അപകട സാധ്യത എന്നതിനാല്‍ വിമാനത്താവളത്തിനകത്തും അടുത്തും ആണ് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യം കൂടുതല്‍ ഉണ്ടാകാനുള്ള സാധ്യത.
ഇനിയും ഇത്തരത്തിലുള്ള ഒരപകടം ഉണ്ടായാല്‍ ആരാണ് എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത്?
ഔദ്യോഗികസംവിധാനങ്ങള്‍ കോഴിക്കോട്ടേക്കാള്‍ നന്നായി കണ്ണൂരും എറണാകുളത്തും പ്രവര്‍ത്തിക്കുമെന്ന് എന്നുറപ്പാണ് നമുക്കുള്ളത്?
എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് കോഴിക്കോട്ട് ഉണ്ടായിരുന്നത്?
ഇനിയുള്ള കാലത്തും ഇതൊക്കെത്തന്നെ മതിയോ?
നല്ലവരായ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെന്നും അല്ലെങ്കില്‍ നടത്താന്‍ സാധ്യതയെന്നുമാണ് നമ്മുടെ ഔദ്യോഗിക പദ്ധതിയെങ്കില്‍ അവരെ രക്ഷാപ്രവര്‍ത്തത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിക്കേണ്ട?
പൊതുവെ നമ്മുടെ നാട്ടുകാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്താണ് ?
വിമാനാപകടങ്ങള്‍ വര്‍ഷത്തിലൊരിക്കലോ പലപ്പോഴും പതിറ്റാണ്ടുകളില്‍ ഒരിക്കലോ വരുന്നതാണ്. പക്ഷെ, ഒരു ദിവസം കേരളത്തില്‍ നൂറ് റോഡപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരു വര്‍ഷം കേരളത്തില്‍ നാലായിരം ആളുകള്‍ റോഡപകടത്തില്‍ മരിക്കുന്നുണ്ട്. നാല്പത്തിനായിരത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ പലരും മരിക്കുന്നതും സാധാരണഗതിയില്‍ പരിക്കേറ്റവര്‍ പലരും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും നമ്മുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ അപാകത കൊണ്ടാണ്. അതില്‍ വലിയൊരു ശതമാനവും രക്ഷാപ്രവര്‍ത്തനത്തെപ്പറ്റി അറിവില്ലാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് കൊണ്ടാണ്.
ഇത് മാറിയേ തീരൂ.
അതുകൊണ്ട് കോഴിക്കോട് നിന്നും നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാം
1. നമ്മുടെ ഓരോ വിമാനത്താവളത്തിനകത്തും ചുറ്റും ടേക്ക് ഓഫ് സമയത്തോ ലാന്‍ഡിംഗ് സമയത്തോ ഉണ്ടാകാനിടയുള്ള അപകടങ്ങളെ നേരിടാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് പുറമെ നിന്നുള്ള വിദഗ്ദ്ധര്‍ അവലോകനം നടത്തട്ടെ. പ്ലാനുകള്‍ ഉണ്ടോ, അവ വിമാനങ്ങളുടെ എണ്ണത്തിലുള്ള മാറ്റങ്ങള്‍ക്കും ലോകത്ത് ഈ രംഗത്ത് ഉണ്ടായ പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ പുതുക്കി എഴുതിയിട്ടുണ്ടോ ?, ഈ പ്ലാനുകള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അറിയുമോ ?, അവര്‍ക്ക് വേണ്ടത്ര പരീശീലനം ഉണ്ടോ ?, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടോ ?. ഈ പ്ലാനുകള്‍ വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും അവര്‍ മോക്ക് ഡ്രില്‍ നടത്തുന്നുണ്ടോ ?. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നമ്മുടെ മാധ്യമങ്ങളെ ഇത്തരം ഡ്രില്ലുകള്‍ക്ക് ക്ഷണിക്കണം, അതിനെപ്പറ്റി മാധ്യമങ്ങളില്‍ ഉള്ളവരും പൊതുജനങ്ങളും അറിയണം (വിമാനദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് മാധ്യമങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്നതിനെ പറ്റിമാത്രം ഒരു പരിശീലനത്തിന്റെ ആവശ്യമുണ്ട്, ഈ വിഷയത്തില്‍ ഒരു പരിശീലനം നടത്താമെന്ന് ഞാന്‍ ഒരിക്കല്‍ കൊച്ചിന് എയര്‍പോര്‍ട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞതുമാണ്, പല കാരണങ്ങളാല്‍ നടന്നില്ല എന്ന് മാത്രം. ഇനി ഓണ്‍ലൈന്‍ കാലം ആയതിനാല്‍ കേരളത്തിലെ എല്ലാ വിമാനത്താവളത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രം അത്തരം ഒരു വെബ്ബിനാര്‍ വേണമെങ്കില്‍ ഓര്‍ഗനൈസ് ചെയ്യാം).
2. ഔദ്യോഗികമായി ഉത്തരവാദിത്തമുള്ള ഒന്നാം നിര രക്ഷാപ്രവര്‍ത്തകരെക്കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കില്ല എന്ന് കോഴിക്കോടെ സംഭവങ്ങള്‍ വ്യക്തമാക്കിയ നിലക്ക് വിമാനത്താവളത്തില്‍ സ്ഥിരമായി കാണാന്‍ സാധ്യതയുള്ള അവിടുത്തെ മറ്റുജോലിക്കാര്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരില്‍ ഈ വിഷയത്തില്‍ താല്പര്യമുള്ളവരെ ഉള്‍പ്പെടുത്തി ഒരു രണ്ടാം നിര സന്നദ്ധ രക്ഷാസേന ഉണ്ടാക്കണം. അവര്‍ക്ക് അവരുടെയും അപകടത്തില്‍ പെട്ടവരുടെയും സുരക്ഷ മനസ്സിലാക്കി എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എന്ന് പരിശീലനം നല്‍കണം. ചുരുങ്ങിയത് ഒരു ഫ്ലൂറസെന്റ് വെസ്റ്റും ഹെഡ്ലൈറ്റും ഉള്‍പ്പടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം. എങ്ങനെയാണ് ഔദ്യോഗിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവയുമായി കൈകോര്‍ത്ത് അതിനു താഴെ എങ്ങനെയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് എന്ന് മനസ്സിലാക്കി കൊടുക്കണം.
3. കേരളത്തിലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് – ലാന്‍ഡിംഗ് കോറിഡോറിനു താഴെയും ഉളളവരില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് താല്പര്യമുളളവര്ക്ക് ഈ വിഷയത്തില്‍ അടിസ്ഥാന പരിശീലനം നല്‍കണം. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ഒരു സന്നദ്ധ സേന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്, അതുമായി ബന്ധപ്പെടുത്തുന്നതാണ് ശരിയായ രീതി. ഇവരായിരിക്കണം മൂന്നാമത്തെ നിര. ഇവര്‍ക്കും എന്താണ് വിമാനത്താവളത്തിന്റെ ഔദ്യോഗികമായ പ്ലാന്‍, അതുമായി എങ്ങനെ ബന്ധപ്പെടാം എന്നുള്ള അറിവ് ഉണ്ടായിരിക്കണം.
4. ഇതൊന്നും കൂടാതെ കേരളത്തില്‍ ഉള്ള ഏതൊരാള്‍ക്കും അപകടത്തില്‍ പെട്ട് കിടക്കുന്ന ഒരാളെ അയാളുടെ പരിക്കുകള്‍ കൂടുതല്‍ വഷളാകാതെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന അടിസ്ഥാന ബോധമുണ്ടാകണം. ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കുക എന്നതിനേക്കാള്‍ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുക എന്നതാകണം ശ്രദ്ധിക്കേണ്ടത്. ആത്മാര്‍ത്ഥത കൊണ്ട് ഉടനടി എന്തെങ്കിലും ചെയ്യാതെ അറിവുള്ളവര്‍ ചെയ്യാന്‍ വേണ്ടി മാറി നില്‍ക്കുന്നതാകും ചില സമയത്ത് ഏറ്റവും നല്ല രക്ഷാ പ്രവര്‍ത്തനം. അത്രയും അറിവെങ്കിലും എല്ലാവര്ക്കും വേണം. ഇത് വിമാനാപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ മാത്രമല്ല തെങ്ങിന് മുകളില്‍ നിന്നും താഴെ വീഴുന്നവരുടെ കാര്യത്തിലും ശരിയാണ്.
ഒരു വിമാനാപകടമുണ്ടാകുന്പോള്‍ ഏറ്റവും വലിയ റിസ്ക്ക് വിമാനത്തിന് തീ പിടിക്കുമോ എന്നതാണ്. അത്തരത്തില്‍ ഒന്ന് കോഴിക്കോട്ട് സംഭവിച്ചിരുന്നെങ്കില്‍ വിമാനത്തിലുള്ളവരും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവരും മരിച്ചുപോയേനെ. ഇന്ന് ലോകം അറിയുന്ന നല്ല മനുഷ്യരുടെ കഥ അറിവില്ലാതെ വിമാന രക്ഷാ ദൗത്യത്തിന് പോയവരുടെ കഥയില്ലായ്മയായി മാറിയേനെ.
ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ, സ്വന്തം ജീവന് പോലും വകവെക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ പോയവരുടെ ആത്മാര്‍ത്ഥതയെ ഞാന്‍ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല.
എന്നാല്‍ വിമാനത്താവളം പോലെ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡുകളുള്ള ഒരു സംവിധാനം നടത്തുന്പോള്‍ അവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാകണം. ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് എപ്പോഴും ആദ്യം ഓടിയെത്താന്‍ കഴിവുണ്ടാകില്ല എന്ന തിരിച്ചറിവുണ്ടാകണം, അപ്പോള്‍ ആര്‍ക്കാണ് ആ വിഷയത്തില്‍ ഇടപെടാന്‍ കഴിയുന്നത് അവര്‍ക്ക് സുരക്ഷിതമായി, അപകടത്തില്‍ പെട്ടവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള അറിവും പരിശീലനവും ഉണ്ടാകണം.
ഇതാണ് കോഴിക്കോട്ടുനിന്ന് ഞാന്‍ പഠിക്കുന്ന പാഠം.
മുരളി തുമ്മാരുകുടി
Discussion about this post