തിരുവനന്തപുരം; ഓണത്തിനു മുന്‍പായി ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏതു പ്രളയം വന്നാലും, മഹാമാരി വന്നാലും അടിപതറാതെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ ഉണ്ടാകും. മനുഷ്യരുടെ മനസ്സു നിറഞ്ഞ ഈ ചിരിയാണ് ഈ സര്‍ക്കാരിന്റെ ഊര്‍ജ്ജം. അവരുടെ പിന്തുണയാണ് ഈ സര്‍ക്കാരിന്റെ അടിത്തറ തീര്‍ക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സംസ്ഥാനത്ത് നടന്നു വരികയാണ്. 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇത് ലഭ്യമാകും.
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ നമ്മുടെ സാമൂഹിക ജീവിതത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മുടെ വരുമാനത്തില്‍ വലിയ ഇടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. ഈ സമയത്താണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമായ ഓണം കടന്നു വരുന്നത്. പക്ഷേ, എത്ര വലിയ ആശങ്കകള്‍ക്കു നടുവിലും ഒരു മലയാളി പോലും ഓണക്കാലത്ത് ബുദ്ധിമുട്ടിലാകരുത് എന്നാണ് സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തത്. അതിനു വേണ്ടിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post