കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. 63 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇയാളുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. പത്തനംതിട്ട
ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ ആണ് മരിച്ച മറ്റൊരാള്‍. കാന്‍സര്‍ രോഗബാധിതന് കൂടിയായിരുന്നു ഇയാള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
അതേസമയം സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ആശങ്കകള്‍ നീങ്ങിയെന്നാണ് വിദഗ്ധ സമിതി അധ്യക്ഷന്‍ ബി ഇഖ്ബാല്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണെന്നും കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്റെ നോട്ടപ്പിശകല്ലെന്നും സംശയം ഉയര്‍ന്ന മരണങ്ങള് കൂട്ടിയാല്‍ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post