മോസ്കോ: വിഷബാധയെ തുടര്‍ന്ന് കുഴഞ്ഞു വീണ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി കോമയിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് മാറ്റും. അലക്സി നവാല്‍നിയുടെ ജീവന് രക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പ്രതികരിച്ചു.
അതേസമയം, വിമാനത്താവളത്തില്‍ വച്ചു അദ്ദേഹത്തിന് വിഷം നല്‍കിയത് ആരാണെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ ദിവസമാണ് വിമാനയാത്രക്കിടെ ചായയില്‍ വിഷം കലര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയത്. സൈബീരിയന്‍ പട്ടണമായ ടോംസ്കില് നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടുത്തുള്ള എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കി.
അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാന്‍വേണ്ടിയുള്ള ഫോറന്‍സിക് പരിശോധനകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിക്കുന്നു.
Discussion about this post