മനാമ: ബഹ്റൈനിൽ എത്തുന്ന എല്ലാ യാത്രക്കാരും പത്ത് ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി. വിമാനത്താവളത്തിൽ എത്തുമ്പോൾ നടത്തുന്ന പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ ആവശ്യമില്ല. പത്ത് ദിവസം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് നടത്തും. സന്ദർശക വിസയിലെത്തി പത്ത് ദിവസത്തിനുളളിൽ ബഹ്റൈനിൽ നിന്ന് തിരിച്ച് പോകുന്നവർക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല.
ബഹ്റൈനിൽ ഇതുവരെ പത്ത് ദിവസത്തെ നീരീക്ഷണത്തിൽ കഴിഞ്ഞ യാത്രക്കാരിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ആരോഗ്യ കർമ്മ സമിതിയുടെ പുതിയ തീരുമാനം.
ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 16 വരെ ബഹ്റൈനിലെത്തിയ യാത്രക്കാരിൽ നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇനി മുതൽ നിരീക്ഷണം വേണ്ടെന്ന് തീരുമാനിച്ചത്. മറ്റ് രാജ്യങ്ങൾ നടപ്പാക്കിയ യാത്രക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന നിബന്ധനയും ബഹ്റൈൻ വെച്ചിട്ടില്ല. യാത്രക്കാരെ എയർപോട്ടിലും 10 ദിവസം കഴിഞ്ഞാൽ നിശ്ചിത കേന്ദ്രങ്ങളിലും ടെസ്റ്റ് ചെയ്യും.
രണ്ട് കൊവിഡ് ടെസ്റ്റുകൾക്കായി 30 ബഹ്റൈൻ ദിനാർ വീതം 60 ദിനാർ ( പത്തായിരം രൂപയോളം) യാത്രക്കാർ നൽകണമെന്ന നിബന്ധന ജൂലൈ 20 മുതൽ ബഹ്റൈൻ നടപ്പിലാക്കി. ‘ബി അവൈർ ബ്ഹറൈൻ’ എന്ന് ആപ്ലിക്കേഷൻ യാത്രക്കാർ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് പ്രവർത്തന സജ്ജമാക്കണം. ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന വിവരം ലഭിക്കുന്നതുവരെ സ്വയം നീരീക്ഷണത്തിൽ കഴിയുമെന്ന നിർബന്ധിത സത്യവാങ്മൂലം ബഹ്റൈനിൽ എത്തുന്ന എല്ലാ യാത്രക്കാരും ഒപ്പു വെക്കണം.
സാധാരണ നിലയിൽ തൊട്ടടുത്ത ദിവസം തന്നെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് കൊവിഡ് ടെസ്റ്റിന്റെ ഫലം അറിയും. പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെടും. ഈ തീരുമാനങ്ങൾ നിരന്തരം അവലോകനം ചെയ്യുമെന്നും ആവശ്യമെങ്കിൽ മാത്രം ഭേദഗതി വരുത്തുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post