കൊളംബോ: ശ്രീലങ്കയില്‍ രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. ഏഴ് മണിക്കൂറോളമാണ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് രാജ്യം ഇരുട്ടിലായത്. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടി. ദീര്‍ഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെയാണ് ബാധിച്ചത്. കൊളംബോയില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തും തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൊളംബോയ്ക്ക് സമീപത്തുള്ള കേരവാലപിട്ടിയ പവര്‍ കോംപ്ലക്സിലുണ്ടായ സാങ്കേതികത്തകരാറാണ് ജനങ്ങളെ ദുരിതത്തിലാക്കിയ പവര്‍കട്ടിന് പിന്നിലെന്ന് ഊര്‍ജമന്ത്രി ഡല്ലാസ് അലഹപ്പെരുമ അറിയിച്ചു. തലസ്ഥാനനഗരമായ കൊളംബോയിലെ തിരക്കേറിയ റോഡുകളിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ഓഫായി. ഇതോടെ ഗതാഗതനിയന്ത്രണം താറുമാറായി.
പമ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ശുദ്ധജലവിതരണവും മുടങ്ങി. ആശുപത്രികളിലും മറ്റ് അവശ്യസേവനമേഖലകളിലും ജനറേറ്ററുകളുള്ളതിനാല്‍ വലിയ രീതിയില്‍ ബാധിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനോട് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post