പുതുക്കോട്ട: സ്വന്തം നാട്ടുകാരുടെ ചികിത്സാസൗകര്യത്തിനായി ഭൂമി വിട്ടുനൽകി മുൻ അധ്യാപകൻ. നാട്ടിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി തന്റെ അര ഏക്കർ ഭൂമിയാണ് കോതമംഗലം സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു എം സരവനം സംഭാവന ചെയ്തത്. കോതമംഗലം അലങ്കുഡിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രം നിർമ്മിക്കുക. സരവനത്തിന്റെ ഗ്രാമത്തിലെ 4000ത്തോളം വരുന്ന നാട്ടുകാരുടെ സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നത്. വിപണി മൂല്യം ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന തന്റെ അര ഏക്കർ ഭൂമിയാണ് ഇദ്ദേഹം ആശുപത്രി നിർമ്മിക്കാൻ സർക്കാരിന് വിട്ടുനൽകിയത്.
‘ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, ആശുപത്രിക്കായി ഭൂമി ദാനം ചെയ്യാൻ പഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. ഇതോടെയാണ് ഭൂമി നൽകാൻ അച്ഛൻ തീരുമാനിച്ചത്. മുമ്പും എന്റെ കുടുംബം ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. എഴുപതുകളിൽ പഞ്ചായത്ത് ഓഫീസ് പണിയാൻ എന്റെ മുത്തച്ഛനാണ് ഭൂമി നൽകിയത്’,- സരവനത്തിന്റെ മകൻ രാജ പറയുന്നു. ഈ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തിടെ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ.
‘നമ്മുടേത് ഒരു വിദൂര ഗ്രാമമാണ്, പ്രദേശത്ത് പൊതുഗതാഗതമില്ല. ഗ്രാമത്തിലേക്ക് രാവിലെ ഒരു ബസും വൈകുന്നേരം ഒരു ബസും മാത്രമേയുള്ളൂ. ഗർഭിണികൾക്ക് പോലും സമയത്തിന് ചികിത്സ ലഭ്യമാക്കാൻ പറ്റാത്ത അവസ്ഥയാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഞങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കീരമംഗലത്തിലേക്കാണ് പോകുന്നത്’ രാജ കൂട്ടിച്ചേർത്തു.
Discussion about this post