കുമ്പളങ്ങി: ചെല്ലാനം പ്രദേശത്ത് ഭക്ഷണപ്പൊതിയിലെ സ്നേഹത്തിനൊപ്പം നൂറുരൂപയും വെച്ച കുമ്പളങ്ങി സ്വദേശിനി മേരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ദുരിതം അനുഭവിക്കുന്നവർക്ക് പോലീസ് നൽകുന്ന ഭക്ഷണ പൊതിയിലാണ് മേരി തന്റെ തൊഴിലുറപ്പ് സമ്പാദ്യത്തിൽ നിന്നും നൂറുരൂപ വീതം ഓരോ പൊതിയിലും വെച്ചത്. മേരി കാട്ടിയത് മാതൃകയാണെന്നും ഇത് ഏവർക്കും പ്രചോദമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ച് കുമ്പളങ്ങി സ്വദേശി മേരി കാട്ടിയത് മാതൃക. കഷ്ടപ്പാട് അനുഭവിക്കുന്നവർക്കായി തന്റെ അധ്വാനത്തിന്റെ പങ്ക് മാറ്റിവച്ചു. ഇത് ഏവർക്കും പ്രചോദനമാകട്ടെ’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് കണ്ണമ്മാലി ഇൻസ്പെക്ടർ പിഎസ് ഷിജുവിന്റെ നിർദേശപ്രകാരം കുമ്പളങ്ങിയിലും പരിസര പ്രദേശങ്ങളിലും നിന്ന് ഭക്ഷണ പൊതികൾ എത്തിച്ചത്. ഓരോ വീടുകളിൽ നിന്നും അഞ്ചും പത്തും പൊതികളായിരുന്നു ശേഖരിച്ചിരുന്നത്. പ്രദേശവാസികൾക്ക് നൽകാനായി കണ്ണമാലി സ്റ്റേഷനിൽ പൊതികൾ എത്തിച്ചു. ഇതിൽ എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നറിയാൻ അനിൽ ആന്റണി എന്ന പൊലീസുകാരൻ പൊതി തുറന്നപ്പോഴായിരുന്നു നൂറ് രൂപ നോട്ട് കണ്ടത്. പിന്നാലെ മേരിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേർത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്.
നേരത്തെ കാറ്ററിംഗ് തൊഴിലാളിയായിരുന്നു മേരി. എന്നാൽ ലോക്ക്ഡൗണിൽ കാറ്ററിംഗ് പരിപാടികൾ നിലച്ചു. ഇതോടെ തൊഴിലുറപ്പിന് പോയി കുടുംബം പുലർത്തുകയായിരുന്നു മേരി. കൊവിഡ് വ്യാപനത്തിന് പിന്നാലെ മേരിയുടെ ഭർത്താവിനും ജോലി നഷ്ടപ്പെട്ടിരുന്നു. ഈ അവസ്ഥയിലാണ് തന്നെ പോലെ കഷ്ടത അനുഭവിക്കുന്നവരുടെ വീടുകളിലേക്ക് തന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായമെത്തിക്കാൻ മേരി ശ്രമിച്ചത്.
Discussion about this post