ദുബായ്: ലോക്ക്ഡൗൺ കാരണം നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ മുഹമ്മദ് റിയാസ് ഒടുവിൽ മാസങ്ങൾക്ക് ശേഷം വിവാഹിതനാകാനുള്ള തയ്യാറെടുപ്പുകളോടെയാണ് നാട്ടിലേക്ക് തിരിച്ചത്. സഹോദരനും കൂടെയുണ്ടായിരുന്നു. എന്നാൽ ദുബായിൽ ജോലി ചെയ്യുന്ന പാലക്കാട് ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ്(24)നെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. കരിപ്പൂർ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ജീവൻ പൊലിഞ്ഞവരുടെ കൂട്ടത്തിൽ റിയാസുമുണ്ടായിരുന്നു.
കോളേജ് യൂണിയൻ ചെയർമാനായിരുന്ന മുഹമ്മദ് റിയാസ് നാട്ടിലും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. കരിപ്പൂർ വിമാന ദുരന്തത്തിൽ പൊലിഞ്ഞ മുഹമ്മദ് റിയാസിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദുബായിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് റിയാസിന്റെ വിവാഹം നേരത്തെ നടത്താൻ നിശ്ചയിച്ചതായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ കാരണം നീട്ടി വെച്ച വിവാഹം റിയാസ് നാട്ടിലെത്തിയ ശേഷം ക്വാറന്റൈൻ കഴിഞ്ഞ് ലളിതമായി വിവാഹം നടത്താൻ തീരുമാനിച്ചതിനിടയിലാണ് ദുരന്തം സംഭവിച്ചത്.
മുഹമ്മദ് റിയാസിന്റെ സഹോദരൻ നിസാമുദ്ദീനും അയൽവാസി മുഹമ്മദ് മുസ്തഫയും അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നു. പരിക്കേറ്റ് നിസാമുദ്ദീൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
മക്കൾ രണ്ടുപേരുടേയും വരവും പ്രതീക്ഷിച്ചിരുന്ന വീട്ടുകാർ കേട്ടത് മകൻ റിയാസിന്റെ മരണവാർത്തയാണ്. ഇരുവരും എത്തിയിട്ട് വിവാഹ ഒരുക്കങ്ങൾ തുടങ്ങാൻ കാത്തിരുന്ന ബന്ധുക്കൾക്ക് ഈ വാർത്ത ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു.
Discussion about this post