മൂന്നാര്‍; രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. 8 പേരുടെ മൃതദേഹം സമീപത്തെ അരുവിയില്‍ നിന്നാണ് കണ്ടെടുത്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെയാണ് വീണ്ടും തുടങ്ങിയത്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പത്ത് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്. മൂന്നുദിവസം കൂടി തിരച്ചില്‍ നടത്തുമെന്നാണ് എന്‍ഡിആര്‍എഫ് അറിയിച്ചിട്ടുള്ളത്. ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുക്കുന്നു.
കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ഡിആര്‍ എഫ് സംഘത്തിന് നേതൃത്വം നല്‍കുന്നത് മലയാളി രേഖ നമ്പ്യാരാണ്. കഴിഞ്ഞ കൊല്ലം പുത്തുമലയിലും കവളപ്പാറയിലും തിരച്ചിലിന് രേഖ നമ്പ്യാര്‍ നേതൃത്വം നല്‍കിയിരുന്നു. തിരച്ചിലിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്നു.
വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണന്ദേവന്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉള്‍പ്രദേശം ആയതിനാല്‍ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.
Discussion about this post