തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. വരുന്ന പത്താം തീയതി വരെയാണ് സംസ്ഥാനത്ത് അതി തീവ്ര മഴ പ്രവചിച്ചിരിക്കുന്നത്. ഈ തീയതി വരെ കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് അദ്ദേഹം അറിയിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. വെള്ളം തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പത്താം തീയ്യതി വരെയാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. അതില്‍ ഉണ്ടാവുന്ന മഴയുടെ നീരൊഴുക്ക് കൂടി പരിഗണിച്ചാലും റെഡ് അലര്‍ട്ടിന്റെ സാഹചര്യമില്ല. വലിയ ഡാമായ ഇടുക്കിയോ ഇടമലയാറോ ഒന്നോ പത്ത് വരെ തുറക്കേണ്ടവരില്ല.
കക്കി ഡാമിനും പത്ത് വരെയുള്ള നീരൊഴുക്ക് സംഭരിക്കാനുള്ള ശേഷിയുണ്ട്. വയനാട്ടിലെ ബാണാസുര ഡാമില്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നത്. കനത്ത മഴ തുടര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രണ്ട് ദിവസത്തിനുള്ള ബാണാസുര ഡാം തുറക്കേണ്ടി വരും. മുല്ലപ്പെരിയാറില്‍ 132 അടിയാണ് ഇന്നത്തെ അവസ്ഥ. 142 അടി വരെയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്.
137 കഴിഞ്ഞാല്‍ വെള്ളം തുറന്നുവിടണമെന്ന് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. വലിയ ഡാമുകളില്‍ കനത്ത മഴ പ്രവചിച്ചിരിക്കുന്ന പത്താം തീയ്യതി വരെ നിലവില്‍ ആശങ്കയ്ക്ക് ഇടയില്ല. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.
Discussion about this post