മൂന്നാര്‍: മൂന്നാര്‍ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതോടെ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് പ്രദേശത്തു നിന്ന് നീങ്ങി.
പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം, പ്രദേശത്തു നിന്ന് ഇന്ന് 17 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. 15 പേരെയാണ് നിലവില്‍ രക്ഷപെടുത്താന്‍ സാധിച്ചത്. അന്‍പതിലധികം ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 80തില്‍ അധികം ആളുകള്‍ ലയങ്ങളില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. 30-ഓളം മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം, വാര്‍ത്താവിനിമയ ബന്ധം എല്ലാം തടസപ്പെട്ടു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയാന്‍ വൈകുന്ന സാഹചര്യം ഉണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവിടേക്കുള്ള വഴിയിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകുന്നതിന് ഇടയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ അഞ്ച് ലക്ഷം രൂപ വീതം ആശ്വാസ ധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.മരിച്ചവരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആശ്വാസ ധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ നിന്ന് അനുവദിച്ചു.
Discussion about this post