തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് മരണങ്ങളുടെ കണക്കുകൾ മറയ്ക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രാജ്യാന്തര മാനദണ്ഡപ്രകാരം വിദഗ്ധരാണ് കോവിഡ് മരണം തീരുമാനിക്കുന്നത്. കൊവിഡ് മൂർച്ഛിച്ച് മരിക്കുന്നവരെ മാത്രമേ ഈ ഗണത്തിൽ ഉൾപ്പെടുത്തൂവെന്നും കെകെ ശൈലജ പറഞ്ഞു. അടുത്തദിവസങ്ങളിലായി മാധ്യമങ്ങൾ അനാവശ്യമായി ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനാണ് ആരോഗ്യമന്ത്രിയുടെ മറുപടിയോടെ മുനയൊടിഞ്ഞിരിക്കുന്നത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വടകര വെള്ളികുളങ്ങര സുലേഖ കോഴിക്കോട് മെഡി. കോളജിൽ മരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫും കൊവിഡ് ബാധിച്ച് മരിച്ചു. എഴുപതു വയസായിരുന്നു. കാസർകോട് ചാലിങ്കാൽ സ്വദേശി പി ഷംസുദ്ദീനും കൊവിഡിന് കീഴടങ്ങി. അൻപത്തിമൂന്നുകാരനായ ഷംസുദ്ദീൻ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
പത്തനംതിട്ട അടൂരിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെടക്ടർ ഉൾപ്പെടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കപട്ടികയിലുള്ള ഉദ്യോഗസ്ഥരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു. ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയ പ്രതിക്കും കൊവിഡ് സ്ഥിരീകരിച്ചു. തടവ് ചാടിയ താനൂർ സ്വദേശി തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു. താനൂരിൽ വെച്ച് പിടിയിലായ പ്രതിയെ കുതിരവട്ടത്ത് തിരിച്ചെത്തിച്ചത് രണ്ടാഴ്ച മുൻപാണ്. പോലീസും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ നിരീക്ഷണത്തിലാകും. വയനാട് പേരിയയിൽ ആദിവാസി വിഭാഗത്തിലെ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
Discussion about this post