കൊച്ചി: ശബരിമലയിലെ പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ മലക്കംമറിഞ്ഞ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച പിഴ അടയ്ക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞു. ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ട്. ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ സമീപിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഇക്കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
നേരത്തെ ശബരിമല വിഷയത്തിലെ പോലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു. നടപടി എല്ലാവര്ക്കും പാഠമാകണമെന്നും വ്യക്തമാക്കിയ കോടതി 25000 രൂപ പിഴയിട്ടാണ് ഹര്‍ജി തള്ളിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട സെപ്റ്റംബര്‍ 29 മുതല്‍ പോലീസ് അറസ്റ്റ് ചെയ്ത അയ്യപ്പഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം. പോലീസുകാരുടെ വീഴ്ച്ചക്കെതിരെ നടപടി വേണമെന്നും ശോഭാ സുരേന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post