കല്‍പ്പറ്റ: മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ രേണുകയ്ക്ക് സിനിമയില്‍ അവസരം നല്‍കുന്നതായി സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ഫേസ്ബുക്കിലൂടെയാണ് മിഥുന് ഇക്കാര്യം അറിയിച്ചത്. ‘രാജഹംസമേ..’ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മിഥുന് സിനിമയിലേയ്ക്ക് ക്ഷണിച്ച് എത്തിയത്. രേണുകയുടെ പാട്ടും ഇതോടൊപ്പം അദ്ദേഹം ഷെയര്‍ ചെയ്യുകയും ചെയ്തു.
മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗോത്രവര്‍ഗക്കാരിയായ രേണുക. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ് രേണുകയിലെ പാട്ടുകാരിയെ കണ്ടെത്തുന്നത്. രേണുക പാടിയ ‘തങ്കത്തോണി’ എന്ന കവര്‍സോങ് അദ്ദേഹത്തിന്റെ എല്‍സ മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ശേഷം ഗാനം വൈറലാവുകയായിരുന്നു.
ഇതിനു ശേഷമാണ് ‘രാജസംഹമേ..’ എന്ന ഗാനം ആലപിച്ചത്. അപകടത്തില്‍ കാലുകള്‍ തളര്‍ന്ന മണിയെന്ന പാട്ടുകാരനെ തേടി ജോര്‍ജ് കോര കോണ്‍വെന്റ് കുന്ന് കോളനിയിലെത്തിയപ്പോഴാണ് മണിയുടെ മകള്‍ രേണുകയുടെ പാട്ടുകേള്‍ക്കുന്നത്. മണിക്ക് യാത്ര ബുദ്ധിമുട്ടായതിനാല്‍ കോളനിയില്‍ ഔട്ട്ഡോര്‍ റെക്കോര്‍ഡിങ് യൂണിറ്റ് സജ്ജീകരിച്ചു. അച്ഛനും മകളും ആ സ്റ്റുഡിയോയില്‍ പാടുകയും ചെയ്തു.
Discussion about this post