ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുന്‍പ് പുതിയ താമസക്കാരായ ബിജെപി നേതാവിനേയും ഭാര്യയെയും ചായ സത്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി നേതാവ് അനില്‍ ബലൂനിയേയും ഭാര്യയേയുമാണ് പ്രിയങ്ക ചായ സത്കാരത്തിന് വിളിച്ചത്.
രാജ്യസഭാ എംപിയും ബിജെപി മാധ്യമ വിഭാഗം ചുമതലയുള്ള ആളുമായ അനില്‍ ബലൂനിക്കാണ് പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ആം നമ്പര്‍ വസതി അനുവദിച്ചത്. വസതി ഒഴിയുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് നേതാവ് ബിജെപി നേതാവിനെയും കുടുംബത്തെയും ചായ സത്കാരത്തിനായി ക്ഷണിച്ചത്.
കത്തിലൂടെയും ഫോണിലൂടെയുമായിരുന്നു പ്രിയങ്കയുടെ ക്ഷണം. എന്നാല്‍ ബലൂനി ക്ഷണം സ്വീകരിച്ചോ എന്ന് വ്യക്തമല്ല. 1997 മുതല്‍ ലോധി എസ്റ്റേറ്റിലെ 35ആം നമ്പര്‍ വസതിയിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഈ വസതി ഒഴിയണമെന്ന് പ്രിയങ്കക്ക് നോട്ടീസ് ലഭിച്ചത്.
ഭവന നഗരകാര്യ മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ആഗസ്ത് 1ന് മുന്‍പ് വസതി വിടണമെന്നായിരുന്നു നിര്‍ദേശം. പ്രിയങ്ക ഗുരുഗ്രാമിലുള്ള വീട്ടിലേക്ക് താത്കാലികമായി താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചെത്തിയേക്കും.
എസ്പിജി സുരക്ഷ ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താമസ സൗകര്യം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്കക്കുള്ളത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവനകാര്യ മന്ത്രാലയം അറിയിച്ചത്.
Discussion about this post