ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് ഇത്രത്തോളം വൈറസ് വ്യാപിക്കാനിടയായത്.
മിക്കരാജ്യങ്ങളും വാക്സിനായുള്ള പരീക്ഷണത്തിലാണ്. കോവിഡിനെതിരെ ഒന്നിലധികം വാക്സിനുകള്‍ പല രാജ്യങ്ങളിലും അവസാന ഘട്ട പരീക്ഷണത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടക്കിടയ്ക്ക് പുറത്തുവരുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്.
എന്നാല്‍ കോവിഡിനെ തടയാനുള്ള ആദ്യ വാക്സിന് വിപണിയിലെത്തുന്നതിനായി 2021 ന്റെ തുടക്കം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതുവരെ വൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങളും മറ്റും ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന എമര്‍ജെന്‍സീസ് പ്രോഗ്രാം മേധാവി മൈക്ക് റയാന് പറയുന്നു.
വാക്സിന് കണ്ടെത്തിയാല്‍ അത് നീതിയുക്തമായി എല്ലാരാജ്യങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍ അത് ഈ വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ സംഘടന സംശയം പ്രകടിപ്പിക്കുന്നു. യാഥാര്‍ത്ഥ്യ ബോധത്തോട് കൂടി ഇതിനെ സമീപിച്ചാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തോടു കൂടി കോവിഡ് വാക്സിന് ജനങ്ങള്‍ക്ക് നല്കി തുടങ്ങാമെന്നാണ് കരുതുന്നതെന്ന് മൈക്ക് വ്യക്തമാക്കി.
എന്നാല്‍ അതു വരെ വൈറസ് വ്യാപനം വൈകിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിക്കായുള്ള വാക്സിന് പണമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും മൈക്ക് ഉറപ്പ് നല്കുന്നു.
അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ പല രാജ്യങ്ങളും വാക്സിനുകളുടെ ആദ്യ ഡോസുകള്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡിന്റെ സമൂഹ വ്യാപനം നിയന്ത്രിക്കുന്നത് വരെ സ്കൂളുകള്‍ വീണ്ടും തുറക്കരുതെന്നും മൈക്ക് മുന്നറിയിപ്പ് നല്കി.
Discussion about this post