കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽഗഫൂറിന്റെ മകൻ ഇർഷാദലി (26) ആണ് മരിച്ചത്. കൊവിഡ് ഭേദമായശേഷമാണ് ഇർഷാദലി ദുബായിയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ആണ് ഇർഷാദലിയെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇർഷാദലിക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. കാര്യമായ ലക്ഷണങ്ങളൊന്നും യുവാവിനുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, ഒരു തവണ കൊവിഡ് ബാധിച്ച് ഭേദമായ ആൾക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതോടെ അസ്വാഭാവിക മരണത്തിന് കാളികാവ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തു. പിപിഇ കിറ്റ് ഉൾപ്പെടെ ധരിച്ചാണ് പോലീസ് മൃതദേഹം കിടന്ന സ്ഥലത്ത് പരിശോധന നടത്തിയത്.
നാട്ടിലെത്തിയ ഇർഷാദലി വീടിനുസമീപം നിർമ്മിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാറാണ് പതിവ്. ജൂലൈ നാലിനാണ് ഇർഷാദലി ദുബായിയിൽനിന്ന് എത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളിൽനിന്ന് കൂട്ടുകാരുമായും സംസാരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം എത്തിച്ചപ്പോൾ രാവിലെ നൽകിയ പ്രഭാത ഭക്ഷണമടക്കം കഴിക്കാതെ കണ്ട സാഹചര്യത്തിലാണ് വീട്ടുകാർ അന്വേഷണം നടത്തിയത്.
മൃതദേഹത്തിന് നിറംമാറ്റം സംഭവിച്ച നിലയിലായതും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂക്കിലൂടെ രക്തം ഒഴുകുകയും ചെയ്തിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഉള്ളത്. മാതാവ്: ആമിന. സഹോദരി: അഫില.
Discussion about this post