കോഴിക്കോട്: വലിയപെരുന്നാളിന് മുമ്പായി സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് മതനേതാക്കൾ. ദുൽഹജ്ജ് മാസപ്പിറവി കണ്ടതോടെ ബലിപെരുന്നാൾ ജൂലൈ 31ന് തീരുമാനിച്ചിരിക്കെയാണ് പെരുന്നാളുമായി ബന്ധപ്പെട്ട ആചാരങ്ങൾ സുരക്ഷാ നിർദേശത്തോടെ മാത്രമേ നടത്താവൂവെന്ന് മതസംഘടനകൾ നിർദേശിച്ചിരിക്കുന്നത്. പള്ളികളിലെ പെരുന്നാൾ നിസ്കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്താവൂവെന്ന് സുന്നി, മുജാഹിദ് സംഘടനാ നേതാക്കൾ അറിയിച്ചു.
ബലിപെരുന്നാളിനായി മാത്രം നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും അടഞ്ഞുകിടക്കുന്ന പള്ളികൾ തുറക്കില്ല. ഈദ് ഗാഹുകളും ഉണ്ടാവില്ല. മൃഗങ്ങളെ ബലിയറുത്ത് മാംസം വിതരണം ചെയ്യുന്നത് സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുള്ളയിടങ്ങളിൽ മാത്രം നടത്തിയാൽ മതിയെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അറിയിച്ചു.
ജാഗ്രത ഒരു ശതമാനം പോലും കുറയ്ക്കാതെ പെരുന്നാൾ നിസ്കാരവും ബലിയറുക്കലും നടത്തണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരും അറിയിച്ചു. ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുമാണ് അത് നടത്തേണ്ടത്. ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നൽകണം. പെരുന്നാൾ നിസ്കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്. അവർ വീടുകളിൽ വെച്ച് നിസ്കരിക്കുക. ഉളുഹിയ്യത് നടക്കുന്ന സ്ഥലങ്ങളിലും ഇറച്ചി വിതരണത്തിലും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. കൊവിഡ് രോഗികൾ ഇനിയും വർദ്ധിച്ചാൽ വല്ലാതെ പ്രയാസപ്പെടുമെന്ന സർക്കാറിന്റെ മുന്നറിയിപ്പ് മുഖവിലക്കെടുക്കണമെന്നും കാന്തപുരം നിർദേശിച്ചു.
സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാൻ അധികൃതരോടൊപ്പം ജനങ്ങളും പൂർണമായി സഹകരിച്ചേ മതിയാവൂ. രാഷ്ട്രീയ സംവാദങ്ങളും സമരങ്ങളും ജനാധിപത്യത്തിന്റെ മാർഗ്ഗം തന്നെയാണ്. പക്ഷെ കൊവിഡിന് എതിരെയുള്ള പ്രവർത്തനങ്ങളെ അത് ഒരിക്കലും ബാധിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.
ഹജ്ജ് തീർത്ഥാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. അറഫാ ദിന നോമ്പ് ജൂലൈ മുപ്പതിന് വ്യാഴാഴ്ചയായിരിക്കും. സൗദി അറേബ്യയിലും ഈ മാസം 31നാണ് ബലി പെരുന്നാൾ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 30നായിരിക്കും. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ഇത്തവണ വളരെ കുറഞ്ഞ ആഭ്യന്തര തീർഥാടകരെ മാത്രമേ സൗദി ഹജ്ജിന് അനുവദിച്ചിട്ടുള്ളൂ.
Discussion about this post