വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണവിവരങ്ങള്‍ ചൈന ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. കൊവിഡ് വാക്സിന് പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളെയും സര്‍വ്വകലാശാലകളെയും ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായി യുഎസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറാണ് ആരോപിച്ചു.
കോവിഡ് വാക്സിന് പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പിനികളുടെ വിവരങ്ങളും വാക്സിന് പരീക്ഷണവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തുന്നതെന്നും ഇവര്‍ക്ക് ചൈനീസ് സര്‍ക്കാറിന്റെ പിന്തുണയുണ്ടെന്നും അമേരിക്ക ആരോപിച്ചു.
സംഭവത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് അമേരിക്ക വ്യക്തമാക്കി. ലോകത്താകമാനമുള്ള കമ്പനികളുടെ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന വ്യാപാര രഹസ്യങ്ങള്‍ രണ്ട് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെന്നും അമേരിക്ക ആരോപിച്ചു.
അതേസമയം, അമേരിക്കയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തന്നെ ചൈന മറുപടി നല്കി. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന മറുപടി നല്കി.
അമേരിക്കയുടെ ദുരാരോപണങ്ങളെ നേരിടുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്നിയിങ് അറിയിച്ചു. ജനജീവിതം അഭിവൃദ്ധിപ്പെടുത്തുകയും ലോക സമാധാനം ഉറപ്പാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ചൈനക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചൈനീസ് ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് നേട്ടങ്ങളുണ്ടായത്. ദുരാരോപണങ്ങള്‍കൊണ്ട് ചൈനയുടെ നേട്ടത്തെ കുറച്ച് കാണാനാകില്ലെന്നും അമേരിക്കയുടെ ആരോപണത്തെ അതേ നാണയത്തില്‍ ചൈന നേരിടുമെന്നും വിദേശ കാര്യ വക്താവ് ഹുവാ ചുന്നിയിങ് വ്യക്തമാക്കി.
Discussion about this post