വാഷിങ്ടൺ: ലോക ജനസംഖ്യയിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വലിയ കുറവുണ്ടാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ പഠനം. ലോകസാമ്പത്തിക ശക്തികളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പഠനം പറയുന്നു. 2100ഓടെ, 195 രാജ്യങ്ങളിൽ 183 എണ്ണത്തിലെ പ്രതീക്ഷിത ജനന നിരക്ക് നിലനിർത്താൻ കുടിയേറ്റനയങ്ങളിലെ ഉദാരവത്കരണം കൊണ്ടു മാത്രമേ സാധിക്കൂവെന്നും പഠന റിപ്പോർട്ടിലുണ്ട്. 2064 ആവുമ്പോഴേക്ക് ലോക ജനസംഖ്യനിരക്ക് 970 കോടിയിലെത്തും. നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി ഇത് കുറയും. ജപ്പാൻ, തായ്ലാൻഡ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുൾപ്പെടെ 23 രാജ്യങ്ങളിൽ ജനസംഖ്യ പകുതിയായി കുറയുമെന്നും പഠനം പറയുന്നു.
അതേസമയം, ജനസംഖ്യയിൽ മുൻനിരയിലുള്ള ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരിൽ നാടകീയമായ ഇടിവാണ് ഉണ്ടാവുക. ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും ആഗോളശക്തികളിൽ മാറ്റംവരുത്തുകയും ചെയ്യും.
ആഗോളതലത്തിൽ പ്രായഘടനയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പുതിയ പഠനം പ്രവചിക്കുന്നു. 2100ൽ ആഗോളതലത്തിൽ 65 വയസ്സിനു മുകളിലുള്ള 230 കോടി പേരും, 20 വയസ്സിനുതാഴെ 170 കോടി പേരുമാണ് ഉണ്ടാവുന്നതെങ്കിൽ അടുത്തനൂറ്റാണ്ടിൽ അതിന് ഇനിയും വ്യത്യാസം വരും. തൊഴിലെടുക്കാൻ പ്രാപ്തിയുള്ള തലമുറയുടെ എണ്ണം പലരാജ്യങ്ങളിലും കുറയുമെന്നതിനാൽ ജനസംഖ്യയിലെ ഇടിവ് പരിഹരിക്കാനും സാമ്പത്തികവളർച്ച നിലനിർത്താനും കുടിയേറ്റനയത്തിൽ ഉദാരവത്കരണം കൊണ്ടുവരേണ്ടിവരും. രാജ്യങ്ങൾതന്നെ അതിന് മുൻകൈയെടുക്കേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
Discussion about this post