ന്യൂയോര്‍ക്ക്: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. വൈറസിനെ പിടിച്ചുകെട്ടാന്‍ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് കോവിഡ് ഇത്രത്തോളം വ്യാപിക്കാന്‍ കാരണം.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് വാക്സിനുവേണ്ടിയുള്ള പരീക്ഷണത്തിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വാക്സിന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.
ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് വാക്സിന്റെ ഒന്നാംഘട്ട ഫലം പ്രസിദ്ധീകരിച്ചത്. വാക്സിന്റെ ഒന്നാം ഘട്ടത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി. നേരിയ പാര്‍ശ്വഫലങ്ങളോടെ വാക്സിന് രോഗപ്രതിരോധ പ്രതികരണത്തിന് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയെന്നാണ് പറയുന്നത്.
വാക്സിന് കുത്തിവെച്ചപ്പോള്‍ ക്ഷീണം, വിറയല്‍, തലവേദന, പേശികളില്‍ വേദന, കുത്തിവെച്ച സ്ഥലത്ത് വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. വാക്സിന്റെ ഒന്നാം ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണങ്ങളും പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഡോ.ലിസ ജാക്സണ് വ്യക്തമാക്കി.
പഠനത്തില്‍ ഉള്‍പ്പെട്ട സിയാറ്റിലിലെ കൈസര്‍ പെര്‍മനന്റ് വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകയാണിവര്‍. അതേസമയം, യഥാര്‍ത്ഥത്തിലുള്ള ഫലപ്രാപ്തി പരീക്ഷണം നടത്തിയതിന് ശേഷമേ വാക്സിന് കോവിഡില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുമോ എന്ന കാര്യം പറയാനാകുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.
ജൂലൈ അവസാനത്തോടെ വാക്സിന്റെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് ലഭ്യമാക്കണോ എന്ന് അധികൃതര്‍ പരിഗണിക്കുന്നതിന് മുമ്പുള്ള അവസാന പരീക്ഷണമായിരിക്കുമത്. പരീക്ഷണം വിജയകരമായി നടപ്പാകുകയാണെങ്കില്‍ പ്രതിവര്‍ഷം തങ്ങള്‍ക്ക് 500 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് മൊഡേണ പ്രസ്താവനയില്‍ അറിയിച്ചു.
Discussion about this post