കോട്ടയം: റഷ്യയിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയുടെ കൊവിഡ് പരിശോധനാഫലമാണ് നെഗറ്റീവെന്ന് തെളിഞ്ഞത്. റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണപ്രിയ.
ഇന്നലെ രാത്രിയോടെയാണ് കൃഷ്ണപ്രിയയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആറ് ദിവസം മുൻപാണ് റഷ്യയിൽ നിന്നെത്തിയത്. കൃഷ്ണപ്രിയയ്ക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യത്തിനായി വീട്ടിലുള്ളവർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ കൃഷ്ണപ്രിയയുമായി ഫോണിൽ സംസാരിച്ചിരുന്ന വീട്ടുകാർ പിന്നീട് വൈകീട്ടോടെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് അന്വേഷിച്ചെത്തിയത്.
അതേസമയം, വിദ്യാർത്ഥിനി കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. കൊവിഡ് നിരീക്ഷണത്തിലിരുന്നതിന്റെ മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും.
Discussion about this post