ചിറ്റൂർ: നാടടക്കി ക്ഷണിച്ച് കൊച്ചുമകളുടെ വിവാഹം അതിഗംഭീര ആഘോഷമാക്കണമെന്നായിരുന്നു പാറയ്ക്കൽ ലക്ഷ്മി വീട്ടിൽ രാഘവന്റെ ആഗ്രഹം. എന്നാൽ കൊവിഡ് ചതിച്ചതോടെ ലളിതമാക്കി ചടങ്ങ് നടത്തുകയും വിവാഹച്ചെലവിനായി നീക്കിവെച്ച പണം മറ്റ് അമ്പത് വിവാഹങ്ങൾക്ക് സദ്യയൊരുക്കാനായി നൽകുകയും ചെയ്ത് മാതൃകയായിരിക്കുകയാണ് അദ്ദേഹം. നല്ലേപ്പിള്ളി തെക്കേദേശം പാറക്കൽ ലക്ഷ്മി വീട്ടിൽ രാഘവനും (81) തങ്കമണി രാഘവനും(72) ആണ് പേരക്കുട്ടി മീര ജയന്റെ വിവാഹച്ചെലവിനു മാറ്റിവച്ച മൂന്നേമുക്കാൽ ലക്ഷം രൂപ നിർധനരുടെ വിവാഹസദ്യയുടെ ചെലവിനായി നൽകിയത്.
ഈ തുക വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ യൂണിറ്റ് പ്രസിഡന്റ് പി അനീഷ് കുമാറിനെയും കുടുംബ സുഹൃത്തായ ജിജിൻ കുമാറിനെയും ഏൽപിച്ചു. ഇന്നലെയായിരുന്നു ആർ ജയകൃഷ്ണന്റെ മകളും രാഘവന്റെ പേരക്കുട്ടിയുമായ ഡോ.മീരയും പാലക്കാട് ചന്ദ്രനഗർ കലാധരന്റെ മകൻ ദർശനും തമ്മിലുള്ള വിവാഹം. ഈ ദിവസം തന്നെയായിരുന്നു മറ്റു വിവാഹങ്ങൾക്കുള്ള സദ്യയും നൽകാൻ ഇവർ തീരുമാനിച്ചിരുന്നത്.
എന്നാൽ അന്നേദിവസം നടക്കുന്ന 50 വിവാഹങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു നടക്കാനിരിക്കുന്ന വിവാഹങ്ങൾ കണ്ടെത്തി ഭക്ഷണമെത്തിക്കാൻ വ്യാപാരിയായ അനീഷ്കുമാറിനെ സമീപിച്ചത്. വിവാഹ ചടങ്ങുകൾക്കു കൊവിഡ് മാനദണ്ഡപ്രകാരം 50 പേർക്കേ പങ്കെടുക്കാവൂ എന്നു സർക്കാർ നിർദേശമുണ്ട്. ഇതു കണക്കിലെടുത്താണ് ഓരോ വിവാഹത്തിനും 50 പേർക്കുള്ള സദ്യയുടെ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒരു സദ്യയ്ക്ക് 150 രൂപ പ്രകാരം ഒരു വിവാഹത്തിന് 7500 രൂപയാണു നൽകുക. വിവാഹം നടക്കാനിരിക്കുന്ന നിർധനരെ കണ്ടെത്തി കേറ്ററിങ് സൗകര്യം വഴിയടക്കം വിവാഹത്തിനു ഭക്ഷണം എത്തിക്കുമെന്നു വധു മീരയുടെ മുത്തച്ഛൻ രാഘവൻ പറയുന്നു.
Discussion about this post