ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താനുള്ള അനുമതി നൽകുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികൾ. ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനസർവീസുകൾ നടത്തുന്നതിന് യുഎഇയിലെ വിമാനക്കമ്പനികൾക്കുള്ള അനുമതി റദ്ദാക്കുകയാണ്. പ്രവാസി യാത്രക്കാരുമായി കഴിഞ്ഞ കുറെ ദിവസങ്ങളായി യുഎഇയുടെ വിമാനങ്ങൾ ഇന്ത്യയിലേക്ക് ഒട്ടേറെ ചാർട്ടേഡ് സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ജൂലായ് നാല് മുതലുള്ള വിവിധ ചാർട്ടേഡ് സർവീസുകൾക്ക് ഇന്ത്യ അനുമതി നൽകാൻ വിസമ്മതിക്കുകയാണെന്നാണ് ഉർന്നിരിക്കുന്ന പരാതി.
അതേസമയം, വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയുടെ വിമാനങ്ങൾ സർവീസ് നടത്തുന്നുമുണ്ട്. യുഎഇയുടെ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ഇതിനകം വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ചാർട്ടേഡ് സർവീസുകൾ വിവിധ സംഘടനകൾക്കായി നടത്തിയിരുന്നു. ഇവയുടെ കൂടി വരവോടെ വന്ദേ ഭാരത് മിഷനിലുള്ള ഇന്ത്യൻ വിമാനങ്ങളിലെ തിരക്ക് കുറഞ്ഞിരുന്നു.
യുഎഇ വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും അധികൃതർ രണ്ട് ദിവസമായി ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടിരുന്നില്ല. ഇതേത്തുടർന്ന് ശനിയാഴ്ച ഷാർജയിൽനിന്ന് ലഖ്നൗവിലേക്കുള്ള സർവീസ് അനിശ്ചിതത്വത്തിലായി.
ഗൾഫ് വിമാനക്കമ്പനികൾക്ക് പുതുതായി ചാർട്ടേഡ് സർവീസുകൾ നടത്താൻ അനുമതി നൽകാനിടയില്ലെന്ന് കഴിഞ്ഞദിവസം തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് പുതിയ അപേക്ഷകൾക്ക് മാത്രമാണ് ബാധകം എന്നായിരുന്നു വിശദീകരിക്കപ്പെട്ടത്. എന്നാൽ വെള്ളിയാഴ്ച വൈകീട്ട് എയർ അറേബ്യ അധികൃതർ വിവിധ ട്രാവൽ ഏജൻസികൾക്ക് അയച്ച സന്ദേശത്തിൽ യുഎഇ. വിമാനക്കമ്പനികൾക്ക് ഇന്ത്യ അനുമതി നിഷേധിച്ച കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു.
Discussion about this post