കോട്ടയം: വിവാഹ നിശ്ചയദിവസം അപകടത്തില്‍പ്പെട്ട യുവതിയ്ക്കും കുടുംബത്തിനും രക്ഷകരായി എത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കുളമാവ് വഴി യാത്ര ചെയ്യവെ ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്‌മേല്‍മേല്‍ മറിയുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും ആരും പരിക്കേറ്റവരെ രക്ഷിക്കാന്‍ തയ്യാറായില്ല. അതിനിടെയാണ് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാരെത്തിയത്.
വിവാഹനിശ്ചയ ദിവസമാണ് പാലാ സ്വദേശി ബാബു അഗസ്റ്റിനും മകളുമടങ്ങുന്ന അഞ്ചംഗ കുടുംബം കുളമാവ് വഴി യാത്ര ചെയ്യുന്നത്. വളഞ്ഞു പുളഞ്ഞ വഴിയും മഴയും മഞ്ഞുമെല്ലാം യാത്ര സാഹസമുള്ളതാക്കി. അതിനിടെ റോഡില്‍ തെഞ്ഞി കാറ് മറിഞ്ഞു.
റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന ബാബു അഗസ്റ്റിനെയും കുടെയുള്ള കുടുംബത്തെയും രക്ഷിക്കാന്‍ ചുറ്റും തടിച്ചുകൂടിയവര്‍ തയ്യാറായില്ല. എന്നാല്‍ അപകടം കണ്ട് തൊടുപ്പുഴ ഡിപ്പോയിലെ കട്ടപ്പനയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടു. ബസിലെ ഡ്രൈവര്‍ ലത്തീഫും കണ്ടക്ടര്‍ വി.എസ് ബഷീറും ചേര്‍ന്ന് പരിക്കേറ്റവരെ ബസില്‍ ആശുപത്രിയിലെത്തിച്ചു.
അച്ഛനൊഴിച്ച് എല്ലാവരും സംഭവ സമയത്ത് ബോധം കെട്ട് കിടക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ ലത്തീഫ് പറയുന്നു. കാറിന്റെ ടയര്‍ അടക്കം പൊട്ടിപൊളിഞ്ഞ അപകടത്തില്‍ അകത്തുണ്ടായിരുന്ന അഞ്ച് പേരെ ഉടന്‍ തന്നെ എടുത്ത് കെ.എസ്.ആര്‍.ടി.സി ബസിനകത്തെ സീറ്റിനകത്ത് കിടത്തി.
കാറിലെ ഒരു പെണ്‍കുട്ടിയുടെ തോളെല്ല് കാറില്‍ നിന്നും എടുക്കുന്ന സമയം ഒടിഞ്ഞുപോയിരുന്നതായും ഡ്രൈവര്‍ ലത്തീഫ് പറഞ്ഞു. ഇവര്‍ ആശുപത്രിയില്‍ എത്തിക്കും വരെ കരച്ചിലായിരുന്നുവെന്നും ലത്തീഫ് പറയുന്നു. ഉടന്‍ തന്നെ പരിക്കേറ്റവരെ ചെറുതോണി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
വിവാഹ നിശ്ചയദിവസം നടന്ന അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നന്മയാല്‍ ജീവിതത്തിലേക്ക് തിരികെ വന്ന ബാബു അഗസ്റ്റിനും കുടുംബവും മനസമ്മതത്തിന് സമയം നീട്ടിയില്ല. വരനും സംഘവും വന്നു ഉടനെ തന്നെ ആശുപത്രിയില്‍ വെച്ച് മനസമ്മതം നടത്തി. തങ്ങളുടെ ജീവിതം തിരികെ പിടിക്കാന്‍ സഹായിച്ച ഡ്രൈവര്‍ ടി.എസ് അബ്ദുല്‍ ലത്തീഫ്, കണ്ടക്ടര്‍ വി.എസ് ബഷീര്‍ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചാണ് ബാബു മകളുടെ വിവാഹം ഉറപ്പിച്ചത്.
Discussion about this post