കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്. 2018 ജൂലെ രണ്ടിന് പുലർച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് അഭിമന്യുവിനെ ക്യംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മറ്റൊരു എസ്എഫ്ഐ പ്രവർത്തകനായ അർജുനും കുത്തേറ്റിരുന്നു.
അതേസമയം, കേസിൽ 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്. സംഭവം നടന്ന് 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. കഴിഞ്ഞമാസമാണ് കേസിലെ പ്രധാന പ്രതി സഹൽ ഹംസ കീഴടങ്ങിയത്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.
എറണാകുളം സെൻട്രൽ പോലിസ് രജിസ്റ്റർ ചെയ്ത കേസ് എസിപി എസ്ടി സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പോലീസിന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. സഹൽ കീഴടങ്ങിയതിന് ശേഷം പോലീസ് വേമ്പനാട്ട് കായലിൽ പരിശോധന നടത്തിയിരുന്നു. വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post