വാഷിങ്ടണ്‍: വെള്ളാരം കണ്ണുകളുമായി എത്തി സോഷ്യല്‍മീഡിയയെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ സൂപ്പര്‍ മോഡലുകളായ ലെ റോസും ഇവാ മരിയയും മോഡലിങ് രംഗത്ത് വീണ്ടും തരംഗമായി മാറുന്നു. വെറും പത്ത് വയസ്സുമാത്രമുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ദിനംപ്രതി ആരാധകരേറുകയാണ്.
2010 ജൂലൈ 7 നാണ് കാലിഫോര്‍ണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആ കുരുന്നു മുഖങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകള്‍ തോന്നി. അസാമാന്യ സാമ്യമുള്ള സ്വരൂപ ഇരട്ടകളായിരുന്നു അവര്‍.
ആ കുരുന്നു കണ്ണുകളില്‍ വല്ലാത്ത ഒരു കാന്തിക ശക്തിയുണ്ടായിരുന്നു. മുഖത്തേക്ക് നോക്കിയവര്‍ക്കാര്‍ക്കും കണ്ണെടുക്കാന്‍ തോന്നിയില്ല. ലെ റോസയുടേയും ഇവാ മരിയയുടേയും ചിത്രങ്ങള്‍ അമ്മ ജാക്വിയാണ് ആദ്യമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ജാക്വിയെപ്പോലും ഞെട്ടിച്ചു കൊണ്ട് ടപ്പേന്നാണ് ആ സുന്ദരിക്കുട്ടികളുടെ ചിത്രങ്ങള്‍ വൈറലായത്. നിരവധി മോഡലിങ് ഏജന്‍സികള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി കുട്ടികളെ ചോദിച്ചുകൊണ്ട് സമീപിക്കാന്‍ തുടങ്ങി. അങ്ങനെ ആറാം മാസത്തില്‍ ആ കുരുന്നുകള്‍ തങ്ങളുടെ ആദ്യ മോഡലിങ്ങ് ആരംഭിച്ചു.
പിന്നീട് ഒരു കുട്ടികൂടി ജനിച്ചതോടെ ഇരട്ടപ്പെണ്‍കുട്ടികള്‍ക്ക് വന്ന മോഡലിങ് അവസരങ്ങളൊക്കെ ജാക്വി പതിയെ ഒഴിവാക്കി. കുട്ടികളെ വളര്‍ത്തുന്നതും മോഡലിങ് മുന്നോട്ട് കൊണ്ടുപോകുന്നതും ബുദ്ധിമുട്ടിലാക്കിയതോടെയാണ് അവസരങ്ങളെല്ലാം ഒഴിവാക്കി വിട്ടത്.
എന്നാല്‍ ആ സുന്ദരിക്കുട്ടികള്‍ക്ക് ഏഴ് വയസായപ്പോള്‍ ജാക്വി അവരുടെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് ആ സഹോദരിമാര്‍ ലോകപ്രശസ്തരായത്. ആ ചിത്രത്തിന് അത്ര സ്വീകാര്യതയായിരുന്നു കിട്ടിയത്.
തുടര്‍ന്ന് വീണ്ടും ധാരാളം മോഡലിങ്ങ് ഏജന്‍സികളും അവരെ സമീപിക്കാന്‍ തുടങ്ങി. മോഡലിങ്ങ് കുട്ടികള്‍ക്കും താല്പര്യമായിരുന്നു. സൂപ്പര്‍ മോഡലുകളെപ്പോലും ഞെട്ടിക്കുന്നത്ര ആരാധകരുള്ള ക്യൂട്ട് മോഡലുകളാണ് ഇരുവരും.
Discussion about this post