ഹൈദരാബാദ്: പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. അപശകുനം എന്ന് ആരോപിച്ച് ലാവണ്യ എന്ന ഇരുത്തിമൂന്നുകാരിയുടെ മരണാനന്തര കര്‍മ്മങ്ങളാണ് നാട്ടുകാര്‍ തടഞ്ഞത്. ആന്ധ്രാപ്രദേശില്‍ ഞായറാഴ്ചയാണ് സംഭവം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രസവത്തിനായി ലാവണ്യയെ നന്ത്യാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ ലാവണ്യ മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ലാവണ്യയുടെ മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുവന്നു.
എന്നാല്‍ യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടുകാര്‍ ബന്ധുക്കളെ അനുവദിച്ചില്ല. പ്രസവത്തോടെ യുവതി മരിച്ചത് അപശകുനമാണെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. ശവസംസ്‌കാരം നടത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ ഉറച്ചുനിന്നതോടെ ബന്ധുക്കള്‍ ആശങ്കയിലായി.
തുടര്‍ന്ന് ബന്ധുക്കള്‍ പേഡ കമ്പല്ലൂരു ഗ്രാമത്തിന് സമീപമുള്ള വനപ്രദേശത്തെ ഒരു മരത്തില്‍ യുവതിയുടെ മൃതദേഹം കെട്ടിയിട്ട ശേഷം തിരികെ പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
തിങ്കളാഴ്ച പൊലീസെത്തി കുടുംബാംഗങ്ങളുടെയും മണ്ഡല്‍ റവന്യൂ ഓഫീസറുടെയും സാന്നിധ്യത്തില്‍ യുവതിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയായിരുന്നുവെന്ന് രുദ്രവരം സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റാം മോഹന്‍ റെഡ്ഡി പറഞ്ഞു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post