ജയ്പുര്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആര്‍ഭാട വിവാഹം നടത്തിയതിന് 6.26 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 13ന് ആയിരുന്നു വിവാഹം. പരമാവധി 50 പേര് മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം ലംഘിച്ചാണ് ആര്‍ഭാട വിവാഹം നടത്തിയത്.
മാത്രമല്ല, വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്ക് ധരിച്ചിട്ടില്ലായിരുന്നു, സാനിറ്റൈസര്‍ ഉപയോഗിച്ചില്ലെന്നും സാമൂഹ്യ അകലം പാലിച്ചില്ലെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
വിവാഹത്തില്‍ പങ്കെടുത്തവരില്‍ വരന് അടക്കം 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വരന്റെ മുത്തച്ഛന് കോവിഡ് ബാധിതനായി മരിക്കുകയും ചെയ്തു. വരനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മാവന്, അമ്മായി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, വധു അടക്കം 17 പേര് പരിശോധനയില്‍ രോഗബാധയേറ്റിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച 15 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ വിവാഹത്തില്‍ പങ്കെടുത്ത 100 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധയുണ്ടായവരുടെ ചികിത്സ, ക്വാറന്റീന് ചെലവുകള്‍ തുടങ്ങിയവയ്ക്കായി 6,26,600 രൂപ പിഴയടയ്ക്കണമെന്നു കാണിച്ച് വരന്റെ പിതാവിന് ബില്‍വാര ജില്ലാ കളക്ടര്‍ നോട്ടീസ് നല്കി. മൂന്നു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം അടയ്ക്കണമെന്നാണ് നിര്‍ദേശം. കൂടാതെ വരും ദിവസങ്ങളില്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അതും വരന്റെ കുടുംബത്തില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Discussion about this post