പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും ഫിലിം ചേംബറിനെതിരെയും പരോക്ഷ വിമര്‍ശനവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.
ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും കുറിച്ച ലിജോ ജോസ് ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകന് കൂടിയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ആയതിനാല്‍ തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്പാദിക്കുന്ന യന്ത്രങ്ങളല്ല, മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും ലിജോ കുറിക്കുന്നു.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്ന ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
Discussion about this post