ഷാര്‍ജ: ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടിരുന്ന മലയാളി ബിസിനസുകാരന് ടി.പി. അജിതും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് അജിതിനെ ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിത് ദുബായ് മെഡോസിലെ വില്ലയിലാണ് താമസം.
ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്പേസ് സൊലൂഷന്‍സ് ഇന്റര്നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന് അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.
പ്രമുഖ വ്യവസായി ആയിരുന്ന ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന് മാനസിക കരുത്ത് നേടണം എന്നുമായിരുന്നു അജിതിന്റെ അഭിപ്രായം. എന്നാല്‍ അറയ്ക്കല്‍ ജോയി പോയ വഴിയ്ക്ക് തന്നെ അജിതും പോയി.
Discussion about this post