തൃശ്ശൂര്‍: ആഫ്രിക്കയിലെ ജിബൂട്ടിയിലെ ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സംവിധായകന് ദിലീഷ് പോത്തന്റെ കൊവിഡ് ടെസ്റ്റ് ഫലം പുറത്തു വന്നു. ഫലം നെഗറ്റീവാണെന്നും ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നുമാണ് ദിലീഷ് പോത്തന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടും ദിലീഷ് പോത്തന് പങ്കുവെച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാരണം ആഫ്രിക്കയില്‍ കുടുങ്ങിപ്പോയ സംഘം ജൂണ്‍ ആറിനാണ് കൊച്ചിയിലെത്തിയത്. ദിലീഷ് പോത്തന് അടക്കം 71 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അതേസമയം സംഘത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയത്.
‘ജിബൂട്ടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ആഫ്രിക്കയില്‍ പോയത്. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ഒരു ചിത്രം കൂടിയാണിത്. 10 വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചേര്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എസ്ജെ സിനുവാണ് ചിത്രത്തിന്റെ സംവിധായകന്. അമിത് ചക്കാലക്കല്‍ ആണ് നായകന്. ഷിംല സ്വദേശിനി ശകുന്‍ ജസ്വാള് ആണ് നായിക. അഞ്ജലി നായര്‍, ദിലീഷ് പോത്തന്, ഗ്രിഗറി, ആതിര, രോഹിത് മഗ്ഗു, ബാലതാരം ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post