ന്യൂഡൽഹി: മലയാളി ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയിയെ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്യാതെ ബാഡ്മിന്റൺ അസോസിയേഷൻ തഴഞ്ഞത് വലിയ വിവാദമായിരിക്കെ സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രണോയിയെ പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് ഇന്ത്യൻ ദേശീയ ടീം കോച്ച് പുല്ലേല ഗോപീചന്ദ് രംഗത്ത്.
തന്നെ ശുപാർശ ചെയ്യാതിരുന്ന സംഭവത്തിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരേ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തുകയും പ്രണോയിക്ക് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ മുഖ്യപരിശീലകനായ പുല്ലേല ഗോപീചന്ദ് പ്രണോയിയെ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഗോപീചന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖേൽരത്‌ന പുരസ്‌കാര ജേതാക്കൾക്ക് ഒരാളെ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്യാനുള്ള അവസരമുണ്ടെന്നും അതനുസരിച്ചാണ് പ്രണോയിയെ ശുപാർശ ചെയ്തതെന്നുമാണ് ഗോപീചന്ദ് വ്യക്തമാക്കിയത്.’ജൂൺ 19നാണ് പ്രണോയിക്കെതിരേ അസോസിയേഷൻ അച്ചടക്കനടപടി സ്വീകരിച്ച വിവരം ഞാൻ അറിയുന്നത്. അർജുനയ്ക്ക് ശുപാർശ ചെയ്യാത്തതിൽ പ്രണോയ് നിരാശനാണെന്ന് ജൂൺ രണ്ടിന് അറിഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സഹായിക്കാമെന്ന് കരുതിയാണ് ഖേൽരത്‌ന ജേതാവെന്ന നിലയിൽ അദ്ദേഹത്തെ ശുപാർശ ചെയ്തത്. അതല്ലാതെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ എന്ന നിലയിലല്ല ഈ ശുപാർശ’-എന്നും ഗോപീചന്ദ് വ്യക്തമാക്കി. ഇതേ മാനദണ്ഡം ഉപയോഗിച്ച് ഖേൽരത്‌ന പുരസ്‌കാര ജേതാവായ സൈന നെഹ്‌വാൾ മലയാളി ബാഡ്മിന്റൺ താരം അപർണ ബാലനെ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.
നേരത്തെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയവരെ പരിഗണിക്കാതെ പ്രധാന ടൂർണമെന്റുകളൊന്നും കളിക്കാത്തവരെ ബാഡ്മിന്റൺ അസോസിയേഷൻ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്തതിന് എതിരെ പ്രണോയ് രംഗത്തെത്തുകയായിരുന്നു.
Discussion about this post