മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ചർച്ചയായ സിനിമാലോകത്തെ സ്വജനപക്ഷപാതം മുൻനിര താരങ്ങൾക്കും സിനിമാപ്രവർത്തകർക്കും ആരാധക നഷ്ടം വരുത്തിവെച്ചിരിക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ ആരാധകർ പലരും സോഷ്യൽമീഡിയകളിൽ നിന്നും അൺഫോളോ ചെയ്ത് പോകുന്നത് വപതിവാക്കിയിരിക്കുകയാണ്.
സ്വജനപക്ഷ പാത വിവാദം ചൂടു പിടിച്ച ശേഷം നടി ആലിയ ഭട്ടിന് നഷ്ടമായത് 4.44 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ്. പിങ്ക്‌വില്ല നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. സർവ്വേയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിരിക്കുന്നത് ആലിയ ഭട്ടിനാണ്. തൊട്ടു പിന്നിലുള്ള കരൺജോഹറിന് 1.88 ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. സോനം കപൂറിന് 84000 ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടു. 50000 പേർ സൽമാൻഖാനെയും അൺഫോളോ ചെയ്തു.
ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് കുറയുന്നത് താരങ്ങളുടെ മാർക്കറ്റിലെ സ്റ്റാർ വാല്യൂവിന് ദോഷകരമായി ബാധിക്കും എന്നാണ് സൂചന. ഇൻസ്റ്റഗ്രാമിൽ തിളങ്ങുന്ന താരങ്ങൾക്കാണ് നിലവിൽ വമ്പൻ ബ്രാൻഡുകളുടെ പരസ്യം ലഭിക്കുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണം ക്രമാതീതമായി കുറയുന്നത് ആലിയക്കും സോനത്തിനും ഭീഷണിയാവുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ച് തുറന്നടിച്ചു കങ്കണ റണൗത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് സമ്പാദിക്കാനായത്. കൃതി സനോൻ, ശ്രദ്ധ കപൂർ തുടങ്ങിയവർക്കും ഫോളോവേഴ്‌സിൽ വൻ വർധനവാണുണ്ടായത്.
ബോളിവുഡ് സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാരോപിച്ച കങ്കണയ്ക്ക് 14 ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെയാണ് ഒറ്റയടിക്ക് നേടാനായത്. 2.91 ലക്ഷം പേർ നടി കൃതി സനോനെയും 2.70 ലക്ഷം പേർ നടി ശ്രദ്ധ കപൂറിനെയും പുതുതായി ഫോളോ ചെയ്തു. കൃതിയും ശ്രദ്ധയും സുശാന്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
Discussion about this post