ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 56 പൈസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് 78.53 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. കഴിഞ്ഞ 13 ദിവസത്തിനിടെ, ഒരു ലിറ്ററിന് 7 രൂപ 28 പൈസയും ഒരു ലിറ്റർ പെട്രോളിന് 7രൂപ 9 പൈസയുമാണ് കൂടിയത്.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജൂൺ മാസം ഏഴാം തിയതി മുതലാണ് ഇന്ധനവില വർദ്ധിപ്പിച്ചു തുടങ്ങിയത്. രാജ്യാന്തര വിപണയിൽ എണ്ണവില കൂടിയതിന്റെ പേരിലാണ് രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ വർധനവ് വരുത്തിത്തുടങ്ങിയതെങ്കിലും രാജ്യാന്ത്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായില്ല.
ജൂൺ ആറിന് 42 ഡോളറായിരുന്ന എണ്ണവീപ്പയ്ക്ക് ജൂൺ 12 ഓടെ 38 ഡോളറായി കുറഞ്ഞു. പക്ഷേ രാജ്യത്തെ ഇന്ധനവിലയിൽ കുറവ് വരുത്തിയില്ല. ഇനിയും വില വർധനവ് ഉണ്ടാകുമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന സൂചന. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയതാണ് ഇന്ധനവിലക്കയറ്റത്തിന് ന്യായീകരണമായി കമ്പനികൾ പറയുന്നത്.