കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി വിര്‍ച്വല്‍ എന്റോള്‍മെന്റ് നടത്താന്‍ തീരുമാനിച്ച് കേരള ബാര്‍ കൗണ്‍സില്‍. ജൂണ്‍ 27ന് നടക്കുന്ന എന്റോള്‍മെന്റിന് 850 പേരാണു പേരു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്ത്യയില്‍ തന്നെ ഓണ്‍ലൈന്‍ എന്റോള്‍മെന്റ് ആദ്യമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എന്റോള്‍മെന്റ് നീണ്ടുപോയ സാഹചര്യത്തിലാണു പുതിയ രീതി അവലംബിക്കുന്നത്. ഓണ്‍ലൈനില്‍ എന്റോള്‍മെന്റ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ഹരികൃഷ്ണന് ഹൈക്കോടതിയില്‍
ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു കോടതി നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ എന്റോള്‍മെന്റിനുള്ള സാധ്യത തേടി തീരുമാനമെടുത്തു.
അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രമണിഞ്ഞാണ് 850 പേരും വീട്ടിലിരുന്ന് ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ബാര്‍ കൗണ്‍സില്‍ ചെയര്മാനടക്കമുള്ളവര് എറണാകുളത്തെ ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്ന് ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കുചേരും. ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എന്റോള്‍മെന്റ് ചെയ്യുന്നവര്‍ വീട്ടിലിരുന്ന് ഏറ്റുചൊല്ലും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമാകും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചടങ്ങിനു മുന്നോടിയായി ബാര്‍ കൗണ്‍സിലില്‍ ട്രയല്‍ റണ്‍ നടത്തി.
സിസ്കോ വെബെക്സ് ആപ്ലിക്കേഷനാണ് ഓണ്‍ലൈന്‍ എന്റോള്‍മെന്റിന് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്വെയറില് ഒരേ സമയം 1000 പേര്‍ക്കു പങ്കുചേരാം.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് സംഘടിപ്പിക്കാനും ആലോചനയുണ്ട്
Discussion about this post